പച്ചക്കറി കൃഷിയിലെ ഈച്ചക്കെണി പരിശോധിക്കുന്ന തോമസ്.
വടക്കഞ്ചേരി: കണക്കൻതുരുത്തി കുറുവായ് കൊച്ചുപറമ്പിൽ തോമസിന് പച്ചക്കറി കൃഷി ചെയ്യാൻ പ്രത്യേക സ്ഥലം വേണമെന്നൊന്നുമില്ല. കാട് നിറഞ്ഞ പാറപ്പുറങ്ങളും കുന്നിൻപുറവും പാടത്തും പറമ്പിലുമെല്ലാം പച്ചക്കറികളുടെ പുതു പരീക്ഷണങ്ങൾ നടത്തി സീസണിൽ ലാഭം കൊയ്യുകയാണ് 62 കാരൻ തോമസും ഭാര്യ വത്സയും. മറ്റു കൃഷികൾക്കൊന്നും പ്രയോജനപ്പെടാതെ കാടുപിടിച്ചു കിടന്നിരുന്ന കുന്നിൻപുറത്താണ് ഇക്കുറി ഓണവിപണി ലക്ഷ്യം വച്ചുള്ള തോമസിന്റെ പച്ചക്കറി കൃഷി ഇറക്കിയിട്ടുള്ളത്.
ഒന്നര ഏക്കർ കുന്നിൻപുറത്ത് കുമ്പളം, മത്തൻ, വെള്ളരി അങ്ങനെ താനെ പടർന്ന് വിളവുണ്ടാകുന്ന ഇനങ്ങൾക്ക് മുൻഗണന നൽകിയാണ് കൃഷി ചെയ്തിട്ടുള്ളത്. ആർക്കും എവിടേക്ക് വേണമെങ്കിലും പടർന്ന് കയറി കരുത്ത് കാട്ടാം. ഇടയ്ക്കുള്ള ചെറു മരങ്ങളിൽ മത്തനും കുമ്പളവുമെല്ലാം മത്സരിച്ചാണ് മരങ്ങളിൽ കയറി പടർന്ന് പന്തലിക്കുന്നത്. കാടുപിടിച്ചു കിടന്നിരുന്ന കുന്നിൻപ്രദേശം പച്ചക്കറികളുടെ വള്ളിക്കാടായി മാറിയിരിക്കുകയാണ്.
മഴക്കാലമായതിനാൽ നനയുടെ ആവശ്യവുമില്ല. പാഴ് വള്ളികളും കളകളും കയറുന്നത് തടഞ്ഞാൽ മതിയെന്ന് തോമസ് പറഞ്ഞു. പുതുമണ്ണിലെ ആദ്യ കൃഷിയായതിനാൽ നല്ല വിളവും പ്രതീക്ഷിക്കുന്നുണ്ട്. തുടക്കത്തിൽ തന്നെ ഈച്ചശല്യമുണ്ട്. ഈച്ച കെണിവച്ചാണ് ഇതിനെ പ്രതിരോധിക്കുന്നത്. ഇതിനാൽ കുന്നിന് ചുറ്റും ഈ കെണി കൂടുകളാണ്. കുന്നിനുതാഴെയാണ് തോമസിന്റെ സ്പെഷൽ ഐറ്റമായ സ്നോ വൈറ്റ് കുക്കുംബറുള്ളത്. ഇത് അര ഏക്കർ സ്ഥലത്തുണ്ട്. വിപണിയിൽ നല്ല ഡിമാൻഡുള്ള ഇനമാണിത്.
ഒരു വർഷം മുമ്പാണ് പരീക്ഷണ കൃഷി എന്ന നിലയിൽ കുക്കുംബർ കൃഷി പരീക്ഷിച്ചത്. ആദ്യ കൃഷിയിൽ തന്നെ അത്ഭുതവിളവുണ്ടായി. കുറുവായിലെ തോമസിന്റെ സ്നോ വൈറ്റ് കുക്കുംബർ ആവശ്യപ്പെട്ട് വടക്കഞ്ചേരി ടൗണിലെ കടകളിലും ആവശ്യക്കാർ തേടിയെത്തുന്ന സ്ഥിതിയാണിപ്പോൾ.
കുക്കുംബറിനും ഇലക്കേട് കാണുന്നുണ്ട്. കൃഷിഭവന്റെ നിർദേശപ്രകാരമാണ് ഇതിനുള്ള ചികിത്സാവിധികൾ നടത്തുന്നത്. 35 കിലോ മുതൽ 40 കിലോ വരെ തൂക്കം വരുന്ന റോബസ്റ്റ് വാഴക്കുലകൾ, ഒരു മൂടിൽ നിന്നും 35 കിലോ വരെ തൂക്കം വരുന്ന കപ്പ, അര ഡസനോളം ഇനങ്ങളുള്ള കുരുമുളക് കൃഷി, മൂന്ന് ഏക്കറിൽ പൈനാപ്പിൾ കൃഷി, റബർ, തെങ്ങ്, കവുങ്ങ്, പശു, ആട് കൃഷി തുടങ്ങി എട്ട് ഏക്കർ സ്ഥലവും വിളകളുടെ ഹരിതഭൂമികയാണ്.
കാലാവസ്ഥയും വിപണിയും വിളവും സർക്കാരുമെല്ലാം അനുകൂലമായി നിന്നാൽ കൃഷി ലാഭകരമാക്കാമെന്നാണ് തോമസും ഭാര്യ വത്സയും പറയുന്നത്.
മക്കളായ ഡോ. എലിസബത്ത് തോമസും എംഎസ് ഡബ്ല്യു കഴിഞ്ഞ മരിയ തോമസും മാതാപിതാക്കളെ പോലെ കൃഷികമ്പക്കാരാണ്. ഒഴിവു സമയങ്ങളിൽ അവരും സഹായികളായുണ്ടാകും.