കനിവ് ബഡ്സ് സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നടന്ന വിളവെടുപ്പ്
എടപ്പാൾ: കൃഷിയിലൂടെ അറിവും അധ്വാനത്തിലൂടെ ആത്മവിശ്വാസവുമായി കനിവ് ബഡ്സ് സ്കൂളിലെ കുട്ടികൾ. കുട്ടികളും അധ്യാപകരും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തൊഴിൽ പരിചയവും ജീവിതനൈപുണികളും സ്വയംപര്യാപ്തതയും നേടുകയെന്ന ലക്ഷ്യത്തോടെയാണ് കാർഷിക പ്രവർത്തനങ്ങൾ നടത്തുന്നത്. വിത്തിടൽ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. ലഭിക്കുന്ന പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നതിനൊപ്പം അധിക ഉത്പന്നങ്ങൾ വിപണനം ചെയ്യാനും പദ്ധതിയുണ്ട്.
തക്കാളി, വെണ്ട, വഴുതന, പയർ, ചേന, കുന്പളം, മത്തൻ തുടങ്ങിയ പച്ചക്കറികൾക്കൊപ്പം ഔഷധസസ്യങ്ങൾ, വാഴ, കപ്പ, പൈനാപ്പിൾ, ഡ്രാഗണ് ഫ്രൂട്ട്, അസോള എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ജൈവവളങ്ങൾ കൃഷിഭവന്റെ സഹകരണത്തോടെ തയാറാക്കുന്നു. സ്കൂളിനോട് ചേർന്ന സ്ഥലത്ത് വിപുലമായി കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് ജനപ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ ചേർന്നായിരിക്കും കാർഷികോദ്യാനം ഒരുക്കുക. വിളവെടുപ്പ് ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.എ. നജീബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കഴുങ്ങിൽ മജീദ്, സുഭിത, വാർഡ് മെംബർ പ്രവിജ, പഞ്ചായത്ത് സെക്രട്ടറി രാജേഷ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, മെംബർമാരായ കുട്ടൻ, അഹമ്മദ് മൂദൂർ, പിടിഎ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ബഡ്സ് സ്കൂൾ എച്ച്എം ഗിരിജ, റജീന, അധ്യാപകർ, ജീവനക്കാർ, കുട്ടികൾ എന്നിവർ പങ്കെടുത്തു.