ബുഷറയ്ക്ക് ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ ആദരം നൽകിയപ്പോൾ.
മലപ്പുറം: പ്രാരാബ്ധങ്ങള്‍ കാരണം എല്‍കെജി ക്ലാസില്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന ബുഷ്റ പിന്നീട് പത്താംതരം വരെ എത്തിയത് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍. മനക്കരുത്തിന്റെ നേര്‍സാക്ഷ്യമായ കോട്ടക്കല്‍ സ്വദേശി ബുഷറയെ ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ആദരിച്ചു. സാക്ഷരതാ മിഷന്റെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ തുല്യതാ പഠിതാവാണ് 22കാരിയായ ബുഷ്റ. പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി സംസ്ഥാന സാക്ഷരതാ മിഷന്റെ അഭിമാനതാരമാണ്.
എല്‍കെജിയില്‍ വിദ്യാഭ്യാസം നിന്നുപോയ ബുഷ്റയ്ക്ക് അറിവിന്റെ പുതിയൊരു ലോകം തുറന്നുനല്‍കിയത് സാക്ഷരതാ മിഷന്റെ വിദ്യാഭ്യാസ പദ്ധതികളാണ്. അക്ഷരങ്ങളോടുള്ള അടങ്ങാത്ത മോഹം മനസില്‍ സൂക്ഷിച്ച ബുഷ്റ, 2018ല്‍ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഏഴാം തരം തുല്യതയും കടന്ന് നിലവില്‍ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ് ഈ മിടുക്കി.
കോട്ടക്കല്‍ തോക്കാംപാറ ബ്രദേര്‍സ് ക്വാര്‍ട്ടേഴ്സില്‍ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്റ.
ഭര്‍ത്താവിന്റെ വേര്പാടിന് ശേഷം സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് മകളുടെ പഠനസ്വപ്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്കി അമ്മ കൂടെയുണ്ട്. കോട്ടപ്പടി ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം തരം തുല്യതാ പഠന കേന്ദ്രത്തിലാണ് ബുഷ്റ പഠിക്കുന്നത്.
തുല്യതാ പഠനകേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ അധ്യാപിക പി. ദേവി, സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ വി. ഹേമലത, ക്ലാസ് ലീഡര്‍മാരായ സി.ടി. ഷെബീറലി, പി. തസ്മിയ എന്നിവര്‍ പ്രസംഗിച്ചു.