പ്രതീകാത്മക ചിത്രം
മലപ്പുറം: ദേശീയ-സംസ്ഥാനതല മത്സങ്ങള്‍ക്ക് വേദിയായ കാലിക്കട്ട് സര്‍വകലാശാല സ്റ്റേഡിയത്തിന് അവഗണന.
വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിലൂന്നി സിന്തറ്റിക് ട്രാക്ക് തകരാര്‍ പരിഹരിക്കാത്തതിനാല്‍ പ്രതാപം നഷ്ടമായ അവസ്ഥയിലാണ് സര്‍വകലാശാല സ്റ്റേഡിയം.
ഡോ. എം.കെ. ജയരാജ് വിസിയായിരിക്കെ അനുവദിച്ച അഞ്ചരകോടി രൂപ വിനിയോഗിച്ച് തുടങ്ങിയ സ്റ്റേഡിയത്തിലെ പവലിയന് നിര്‍മാണം അന്തിമഘട്ടത്തിലെത്തിയെങ്കിലും മീറ്റുകള്‍ നടത്താനാകുന്ന വിധത്തില്‍ സിന്തറ്റിക് ട്രാക്ക് സജ്ജീകരിക്കാന്‍ നടപടിയായില്ല.
പുതിയ ട്രാക്ക് സ്ഥാപിക്കാന്‍ ആറ് കോടിയോളം രൂപ വേണമെന്നിരിക്കെ നവീകരണ പ്രവൃത്തിയും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയാണ്.
സര്‍വകലാശാല എൻജിയറിംഗ് വിഭാഗം പ്രവൃത്തി ഏറ്റെടുത്ത് നടത്താന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടിട്ടില്ല.
സ്പോര്‍ട്സ് അഫിലിയേഷന് ഇനത്തില്‍ പ്രതിവര്‍ഷം ഒന്‍പത് കോടിയോളം രൂപ സര്‍വകലാശാലയ്ക്ക് ലഭിക്കുന്നുണ്ടെന്നിരിക്കെ സിന്തറ്റിക് ട്രാക്ക് നവീകരണത്തിന് നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. ട്രാക്ക് തകരാര്‍ കാരണം ദേശീയ ഫെഡറേഷന് കപ്പ് മത്സരം കൊച്ചിയിലേക്ക് മാറ്റിയിരുന്നു. മലപ്പുറം ജില്ലാ സ്കൂള്‍ കായികമേള പാലക്കാടാണ് നടത്തിയത്. സര്‍വകലാശാല മീറ്റ് കുന്ദംകുളത്തും.
ജില്ല മുതല്‍ ദേശീയതലം വരെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മീറ്റ് നടന്ന സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ. സ്റ്റേഡിയത്തില്‍ 2015-ലാണ് സിന്തറ്റിക് ട്രാക്ക് സ്ഥാപിച്ചത്.
ട്രാക്ക് തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും നടപടി വൈകുകയാണ്.
Tags : Nattuvisesham DistrictNews DeepikaNews Stadium