പന്നിത്തടത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.
എരുമപ്പെട്ടി: കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ പന്നിത്തടത്ത് അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്കു പരിക്ക്. ബൈക്ക് യാത്രക്കാരനായ മരത്തംകോട് നാറണത്ത് വീട്ടിൽ സിദ്ദീഖിനാണു പരിക്കുപറ്റിയത്.
ഇന്നലെ വൈകീട്ട് മൂന്നോടെ പന്നിത്തടം സെന്ററിനു സമീപമുളള വളവിലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ കുന്നംകുളം ഭാഗത്തേയ്ക്കു പോകുന്നതിനുവേണ്ടി റോഡിലേക്ക് കയറ്റിയപ്പോൾ എതിർ ദിശയിൽവന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്ക് കാറിന്റെ ബോണറ്റിനുള്ളിലേക്ക് ഇടിച്ചുകയറിനിന്നു. ബൈക്കിൽ നിന്നുതെറിച്ച് കാറിന്റെ ഗ്ലാസിൽ തലയിടിച്ചുവീണ് പരിക്കുപറ്റിയ ബൈക്ക് യാത്രക്കാരനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മിനി പിക്കപ്പ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ച് അപകടം
പഴയന്നൂർ: മിനി പിക്കപ്പ് വാനും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലരയോടെ കിള്ളിമംഗലം കൊച്ചപ്പൻ പടിയിലായിരുന്നു അപകടം. കിള്ളി മംഗലം ഭാഗത്തേക്കു പോവുകയായിരുന്ന മിനി പിക്കപ്പ് വാനും എതിരെവന്ന ഇന്നോവയും കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്നവരെ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Tags : Nattuvishesham District News Car and bike collide accident