പാലക്കുഴി വെള്ളച്ചാട്ടത്തിനടുത്തെ വഴുക്കലുള്ള ചെരിഞ്ഞ പാറപ്രദേശം.
വടക്കഞ്ചേരി: അതീവ അപകടാവസ്ഥ നിലനിൽക്കുന്ന പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പരിസരത്ത് അടിയന്തരമായി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് നാട്ടുകാർ.
വെള്ളം താഴേക്ക് പതിക്കുന്ന ഭാഗത്ത് ശക്തമായ ഒഴുക്കും പുഴയുടെ ഇരുഭാഗത്തും നല്ല വഴുക്കലുള്ള പാറകളുമാണ്. ഞായറാഴ്ച ഉച്ചക്ക് ഈ വഴുക്കലിൽപെട്ടാണ് കോയമ്പത്തൂരിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ അഞ്ചംഗസംഘത്തിലെ രണ്ട് പേർ വെള്ളച്ചാട്ടത്തിൽപ്പെട്ട് ഒരു സ്ത്രീ മരിക്കാനിടയായത്. ജലപാതത്തിന്റെ ഇരുഭാഗത്തും ഏറെ ദൂരം താഴേക്ക് കുത്തനെ ചെരിവുള്ള പാറപ്രദേശങ്ങളുണ്ട്.
മഴക്കാലങ്ങളിലും ഇവിടെയാണ് വിനോദസഞ്ചാരികൾ താഴേക്കുള്ള ദൂരക്കാഴ്ച കാണാൻ തങ്ങുന്നത്. ചെറിയ അശ്രദ്ധയോ വഴുക്കലോ സംഭവിച്ചാൽ പിന്നെ വീഴുക 700 അടി താഴ്ചയിലേക്കാകും. പാറപ്പുറത്തെ വനം വകുപ്പിന്റെ ജെണ്ടയോട് ചേർന്ന് ബലമേറിയ കമ്പി നെറ്റെങ്കിലും സ്ഥാപിച്ചാൽ വലിയ അപകടസാധ്യത കുറയും. ഇക്കാര്യം പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് മെംബർ റെൻസി ജോയ്സ് പറഞ്ഞു. വൈദ്യുത പദ്ധതിക്കായുള്ള ചെക്ക്ഡാം പരിസരത്ത് സെക്യൂരിറ്റി വാച്ചർമാരെ നിയമിക്കണം.
മദ്യപസംഘങ്ങളേയും മറ്റു ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കണമെന്നും മെംബറുടെ നേതൃത്വത്തിൽ നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കുഴി, മംഗലംഡാം എന്നീ രണ്ട് ടൂറിസ്റ്റ് സ്പോട്ടുകൾ ബന്ധിപ്പിക്കാനായാൽ അതിന്റെ വികസന വ്യാപ്തിയും പതിന്മടങ്ങാകുമെന്ന് വിലയിരുത്തുന്നുണ്ട്.
എംഎൽഎ ടി.എം. ശശിയുടെ നേതൃത്വത്തിൽ അതിനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നാണ് മലയോരജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഫാം ടൂറിസവും പ്രോത്സാഹിപ്പിക്കണം. പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തണം. തിണ്ടില്ലം വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്നും താഴേക്കുള്ള കാഴ്ച അതിമനോഹരമാണ്.
വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ ഈ പ്രദേശവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രദേശമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടുന്നു.
Tags : Nattuvishesham District News immediate security measures Palakkuzhi waterfall