മലപ്പുറം: ജില്ലയിലെ ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ക്ലേശകരമായ സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്നവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് അടിയന്തര സഹായവും പുനരധിവാസവും ഉറപ്പാക്കുന്ന ’കെയർ’പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി ജനകീയമാക്കുന്നതിനും ലഹരിവിരുദ്ധ പോരാട്ടങ്ങളിൽ പങ്കാളികളാക്കുന്നതിനുമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.
ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും ജില്ലാ ട്രോമാ കെയറുമായി സഹകരിച്ച് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സേവനം താഴെത്തട്ടിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കെയർ യൂണിറ്റുകൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കെയർ വോളണ്ടിയർമാരുടെ സേവനം പൂർണമായി പ്രയോജനപ്പെടുത്തും. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന യൂണിറ്റുകൾ വഴി വാർഡ്തലങ്ങളിൽ വരെ ലഹരിവിരുദ്ധ ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ പ്രവർത്തനങ്ങൾ വിവിധ സർക്കാർ വകുപ്പുകളിലേക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതൽ സുഗമമാക്കുന്നതിനുമായി എല്ലാ വകുപ്പുകളിലും പ്രത്യേക നോഡൽ ഓഫീസർമാരെ നിയമിക്കാൻ യോഗം നിർദേശിച്ചു. ഇതുവഴി അടിയന്തര സാഹചര്യങ്ങളിൽ പെടുന്നവർക്ക് വിവിധ വകുപ്പുകളിൽനിന്നുള്ള സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.
2024 ഓഗസ്റ്റ് മുതൽ ജില്ലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കെയർ പദ്ധതി വഴി ഇതിനകം നിരവധി പേർക്ക് സഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്.ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. സ്മിജി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്, കെയർ വോളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags : 'CARE' volunteers