തൊടുപുഴ-കരിമണ്ണൂര്‍ റൂട്ടില്‍ പട്ടയംകവലയില്‍ നടുറോഡില്‍ നിറുത്തിയിട്ടിരിക്കുന്ന സ്വകാര്യ ബസ്.
തൊടുപുഴ: സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് നടുറോഡില്‍ നിറുത്തിയിട്ട് യാത്രക്കാരെ ദുരിതത്തിലാക്കിയ ഡ്രൈവര്‍ക്കെതിരേ കേസ്. ബസ് തിരക്കേറിയ റോഡില്‍ നിര്‍ത്തിയിട്ടതോടെ അരമണിക്കൂറോളം വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുന്ന സ്ഥിതിയുണ്ടായി. സംഭവത്തില്‍ തൊടുപുഴ-വണ്ണപ്പുറം റൂട്ടിലോടുന്ന എയിന്‍സ് ബസ് ഡ്രൈവര്‍ വിഷ്ണുവിനെതിരേയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. വൈദ്യ പരിശോധനയില്‍ മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് ഇതിന്റെ പേരിലും കേസെടുത്തു.
ഇന്നലെ രാവിലെ 10.30ന് തൊടുപുഴ -കരിമണ്ണൂര്‍ റൂട്ടില്‍ പട്ടയം കവല ജംഗ്ഷനിലായിരുന്നു സംഭവം. എയിന്‍സ് ബസിനു പിന്നാലെയുള്ള നിംബസ് എന്ന സ്വകാര്യ ബസ് ഉടമയുമായാണ് തര്‍ക്കമുണ്ടായത്. മറ്റൊരു വാഹനത്തില്‍ ഈ ബസിന്റെ പിന്നാലെയെത്തിയ ഇയാളും വിഷ്ണുവുമായി സമയത്തെച്ചൊല്ലി വാക്കേറ്റമുണ്ടാകുകയായിരുന്നു. ഇതോടെ എയിന്‍സ് ബസിന്റെ ഡ്രൈവറായ വിഷ്ണു നടുറോഡില്‍ത്തന്നെ വാഹനം നിര്‍ത്തിയിട്ടു.
പിന്നാലെവന്ന ഒട്ടേറെ വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി ഗതാഗതക്കുരുക്കുണ്ടായതോടെ നാട്ടുകാരും യാത്രക്കാരും ഇയാള്‍ക്കെതിരേ തിരിഞ്ഞു. ഇവര്‍ ഏറെ നേരം ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ബസ് മാറ്റാന്‍ കൂട്ടാക്കിയില്ല.
ഒടുവില്‍ തൊടുപുഴ പോലീസ് എത്തിയതിനു ശേഷമാണ് ഇയാള്‍ ബസ് റോഡില്‍നിന്നു മാറ്റാന്‍ തയാറായത്. പിന്നീട് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയതിനു ശേഷമാണ് കേസെടുത്തത്. എയിന്‍സ് ബസ് തടഞ്ഞതിന്റെ പേരില്‍ നിംബസ് ഉടമയ്ക്കെതിരേയും പോലീസ് കേസെടുത്തു. ഡ്രൈവര്‍ വിഷ്ണുവിനോട് ഇന്നു തൊടുപുഴ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇയാള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിയുമുണ്ടാകും. തൊടുപുഴയില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെ സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയരുന്നത്.
Tags : NattuVishasham DistrictNews