പ്രതീകാത്മക ചിത്രം
മാള: സിബിഎസ്ഇയുടെ നേതൃത്വത്തിൽ നടത്തുന്ന സൗത്ത് ഇന്ത്യ സോൺ ഒന്ന് സ്വിമ്മിംഗ് ചാമ്പ്യൻഷിപ് മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ ആൻഡ് സൈനിക് സ്കൂൾ അക്വാട്ടിക്സ് കോംപ്ലക്സിൽ നാളെ മുതൽ 29 വരെ നടക്കും. ആദ്യമായാണ് ഈ ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയത്വം വഹിക്കുന്നത്.
മഹാരാഷ്ട്ര മുതൽ കേരളം വരെയുള്ള 800 ഓളം സ്കൂളുകളിൽനിന്ന് 2000ലേറെ നീന്തൽ താരങ്ങളാണ് മത്സരത്തിനെത്തുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 11, 14, 17, 19 ഗ്രൂപ്പുകളിലായി 120 ഇനങ്ങളിലായാണ് മത്സരം. 25 മുതൽ 27വരെ പെൺകുട്ടികളുടെയും 27 മുതൽ 29വരെ ആൺകുട്ടികളുടെയും മത്സരങ്ങളാണ് നടത്തുന്നത്.
മത്സരത്തിന്റെ കൃത്യത കണക്കാക്കാനുള്ള ടച്ച് ബോർഡ് അടക്കമുള്ള ഇലക്ട്രോണിക് സംവിധാനങ്ങൾ കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ ബംഗളുരുവിൽ നിന്നാണ് എത്തിക്കുന്നത്. അണ്ടർ വാട്ടർ ലൈറ്റിംഗ് അടക്കമുള്ള സംവിധാനങ്ങൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
താരങ്ങൾക്കുള്ള താമസസൗകര്യവും ഭക്ഷണവും സ്കൂളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നെടുമ്പാശേരി, ചാലക്കുടി, ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ, ചെറായി എന്നിവിടങ്ങളിലെ ഹോട്ടലുകളും മത്സരാർഥികൾക്കായി ബുക്ക് ചെയ്തുകഴിഞ്ഞു. തൃശൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി എയർപോർട്ട് എറൈവൽ ലോബിയിലും ഹെൽപ് ഡെസ്കുകൾ ഒരുക്കിയിട്ടുണ്ട്.
25ന് രാവിലെ 10ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. കായിക-യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. സ്വിമ്മിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റാഫി ആന്റണി മുഖ്യാതിഥിയായിരിക്കും. ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിക്കും.
തൃശൂർ സെൻട്രൽ സഹോദയ പ്രസിഡന്റ് ബിനു എസ്. രാജ്, ബാസ്കറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.സി. ആന്റണി, ഡയറക്ടർ അന്ന ഗ്രേസ് രാജു, പ്രിൻസിപ്പൽ ഡോ. പി.എൻ. ഗോപകുമാർ, സൈനിക് സ്കൂൾ കമാൻഡന്റ് വിംഗ് കമാൻഡർ വിജയ് മേനോൻ എന്നിവർ പ്രസംഗിക്കും. ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മത്സരങ്ങൾ നടക്കും. ഹീറ്റ്സ് അടിസ്ഥാനത്തിലും ടൈം ട്രയൽ അടിസ്ഥാനത്തിലുമാണ് മത്സരങ്ങൾ നടക്കുന്നത്.
Tags : Local News Nattuvishesham CBSE Swimming Mala