പ്രതി പങ്കി മഹേന്ദ്രൻ
ചാത്തന്നൂര്‍: കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് കയറ്റുമതി ചെയ്യുന്ന ലഹരി മാഫിയ സംഘത്തിലെ പ്രധാനി പൂയപ്പള്ളി പോലീസിന്റെ പിടിയിലായി. ആന്ധ്രപ്രദേശ് വിശാഖപട്ടണം എന്ഗബൈലു, ദാര്കുണ്ട സ്വദേശിയായ പങ്കി മഹേന്ദ്രന് (43) ആണ് അറസ്റ്റിലായത്.
പോലീസ് നടത്തിയ സാഹസികമായ നീക്കത്തിനൊടുവില്‍ ആന്ധ്രയിലെ വനമേഖലയില്‍ നിന്നാണ് ഇയാളെ കീഴടക്കിയത്. കഴിഞ്ഞ മാസം പൂയപ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ മൂന്ന് കിലോയോളം കഞ്ചാവുമായി ഇളമാട് സ്വദേശിയായ മുകേഷിനെ പോലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലില്‍, തനിക്ക് കഞ്ചാവ് ലഭിക്കുന്നതെന്ന് മൊഴി നല്കി. ഡിജിറ്റല്‍ തെളിവുകളും ടവര്‍ ലൊക്കേഷനും വഴിത്തിരിവായി.
ലഹരി കേസ് പ്രതിയായ മുകേഷിന്റെ സാമ്പത്തിക ഇടപാടുകളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ജില്ലാ റൂറല്‍ പോലീസ് മേധാവി ഷാജി സുഗുണന്റെ നിര്‍ദ്ദേദശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഡിജിറ്റല്‍ തെളിവുകള്‍ വനമേഖലയില്‍ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നതെന്ന് ടവര്‍ ലൊക്കേഷന്‍ വഴി പോലീസ് തിരിച്ചറിഞ്ഞത്.
അന്വേഷണസംഘം ആന്ധ്രയിലെ കാടുകളില്‍ എത്തിയപ്പോള്‍ വിശാലമായ കഞ്ചാവ് കൃഷിത്തോട്ടങ്ങള്‍ കണ്ടെത്താനായി. എന്നാല്‍ പോലീസ് എത്തിയ വിവരം മനസ്സസിലാക്കിയ പങ്കി മഹേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘം പോലീസിന് നേരെ തിരിഞ്ഞു. പ്രതികള്‍ ആക്രമിക്കാന്‍ തുനിഞ്ഞതോടെ പോലീസ് തോക്ക് ചൂണ്ടി പ്രധാന പ്രതിയായ മഹേന്ദ്രനെ സാഹസികമായി കീഴടക്കുകയായിരുന്നു.
പൂയപ്പള്ളി എസ്എച്ച്ഒ ഷാജിമോന്റെ നേതൃത്വത്തില്‍ എസ്ഐ രജനീഷ്, പോലീസ് ഉദ്യോഗസ്ഥരായ റിജു, ബിനീഷ് എന്നിവരടങ്ങിയ സംഘമാണ് കാട്ടില്‍ കയറി പ്രതിയെ പിടികൂടി കേരളത്തില്‍ എത്തിച്ചത്.