ജസ്റ്റിസ് അലക്സാണ്ടർ തോമസ്
പാലക്കാട്: പെരുവെന്പ് ഗ്രാമപഞ്ചായത്തിലെ കറുകമണി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു ജില്ലാ കളക്ടർ ഓരോമാസവും പദ്ധതി അവലോകനം നടത്തണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
കർഷകർ വെള്ളത്തിനായി ഏറ്റവുമധികം ബുദ്ധിമുട്ടുന്ന ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വെള്ളം ലഭ്യമാകുന്നതരത്തിൽ ചെക്ക്ഡാം നിർമാണം പൂർത്തിയാക്കണം. കറുകമണി പാടശേഖരങ്ങളിൽ കാർഷികാവശ്യങ്ങൾക്കായി വെള്ളം സുലഭമായി ലഭ്യമാകുന്നതിനുള്ള പദ്ധതി നിർദേശങ്ങൾ ഉണ്ടെങ്കിൽ പരാതിക്കാർക്ക് ജില്ലാകളക്ടർക്ക് അപേക്ഷ നൽകാം.
ജില്ലാകളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ മുഖാന്തരം അന്വേഷണം നടത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന അധികൃതരുടെ ഒരു യോഗം ജില്ലാ കളക്ടർ വിളിക്കണം.
ഭാവിയിൽ ഈ മേഖലയിലെ പാടശേഖരങ്ങളിൽ വെള്ളം ആവശ്യാനുസരണം എത്തിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തി ആവശ്യമായ നിർദേശങ്ങൾ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്ത് അധികൃതർക്ക് നൽകണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി.
കറുകമണിയിലെ കാർഷിക മേഖലയിൽ വെള്ളമെത്തിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് 1999 ലാണ് രൂപം നൽകിയത്.
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെങ്കിലും പദ്ധതി നടപ്പായില്ല. 2025- 26 സാന്പത്തികവർഷം നടപ്പിലാക്കുന്ന കറുകമണി അലങ്കാരത്തോട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നവീകരണത്തിനായി മൂന്നുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ടെന്ന് ജില്ലാകളക്ടർ കമ്മീഷനെ അറിയിച്ചു.
സൈറ്റ് കരാറുകാരന് കൈമാറിയിട്ടുണ്ട്. 2027 ജനുവരി 14 വരെ പദ്ധതി പൂർത്തിയാക്കാനുള്ള കാലാവധി നീട്ടിനൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. എന്നാൽ 27 വർഷമായി കർഷകർ പദ്ധതിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന് കെ.കെ. റിജു നൽകിയ പരാതിയിൽ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews Karukamani