അമ്പൂരി: കേരളത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യ ദേവാലയമായ പറത്തി സെന്റ് അൽഫോൻസാ ദേവാലയത്തിലെ തിരുനാൾ ഇന്നു മുതൽ ഓഗസ്റ്റ് രണ്ടു വരെ ആഘോഷിക്കും.
മായം ഇടവകയുടെ കുരിശുപള്ളിയായി 1988-ൽ സ്ഥാപിതമായ ദേവാലയമാണ് പറത്തി സെന്റ് അൽഫോൻസാ ദേവാലയം. ഈ വർഷം തിരുന്നാളിനോടാനുബന്ധിച്ച് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും വിവിധ സംഘടനകളുടെ തീർഥാടനവും ക്രമീകരിച്ചിട്ടുണ്ട്.
ഒന്പതു ദിവസത്തെ തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം നാലിനു മായം സെൻര് മേരീസ് ഇടവക ദേവാലയത്തിൽനിന്നും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വഹിച്ചുകൊണ്ടുള്ള വാഹന പ്രയാണം നടക്കും. പ്രയാ ണത്തിന് തട്ടാന്മുക്ക് അൽഫോൻസാ കുരിശടിയിൽ സ്വീകരണം നൽകും. തുടർന്ന് അമ്പൂരി ഫൊറോന യുവദീപ്തി-എസ് എംവൈഎമ്മിന്റെ നേതൃത്വ ത്തിൽ അൽഫോൻസാ തീർഥാടനവും തിരുശേഷിപ്പ് പ്രയാണവും പറത്തി ദേവാലയത്തിൽ എത്തിച്ചേരും. തുടർന്നു നടക്കുന്ന തിരുനാൾ കൊടിയേറ്റിനും വിശുദ്ധ കുർബാനയ്ക്കും അമ്പൂരി ഫൊറോന വികാരി ഫാ. സോണി കരിവേലിൽ കാർമികനാകും. ഫാ. നവീൻ മാമ്മൂട്ടിൽ സഹകാർമികനാകും.
നാളെ വൈകുന്നേരം 4.30ന് നൊവേനക്കും വിശുദ്ധ കുർബാനക്കും ഫാ. ജോസഫ് ചെമ്പിലകം, ഫാ. വർഗീസ് കായിത്തറ എന്നിവർ കർമികത്വം വഹിക്കും. 27 മുതൽ ഓഗസ്റ്റ് ഒന്നുവരെ തിരുനാളിനോടാനുബന്ധിച്ച് വൈകുന്നേരം 4.30 മുതൽ നൊവേനയും വിശുദ്ധ കുർബാനയും നടക്കും. അതിരൂപതാ മുഖ്യവികാരി ജനറാൾ റവ. ഫാ. ആന്റണി ഏത്തക്കാട്ട്, വികാരി ജനറാൾ ഫാ. സോണി തെക്കേക്കര, ഫാ. സച്ചിൻ കുന്നത്ത്, ഫാ. ആന്റണി തറക്കുന്നേൽ, ഫാ. ഷെറിൻ കുറശ്ശേരി, ഫാ. മാത്തുക്കുട്ടി മൂന്നാറ്റിൻമുഖം, ഫാ. ജിനോ കന്യാക്കോണിൽ സിഎംഐ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് കർമികത്വം വഹിക്കും. ഓഗസ്റ്റ് ഒന്നിനു വൈകുന്നേരം വിശുദ്ധ കുർബാനയെ തുടർന്ന് കുമ്പിച്ചൽ കുരിശടിയിലേക്ക് ആഘോഷമായ പ്രദക്ഷിണവും തുടർന്ന് നേർച്ച വിതരണവും നടക്കും.
ഓഗസ്റ്റ് രണ്ടിനു പ്രധാന തിരുനാൾ ദിനത്തിൽ അമ്പൂരി ഫൊറോന മിഷൻലീഗ്, മാതൃ - പിതൃവേദി സംഘടനകളുടെ നേതൃത്വത്തിൽ തീർഥാാടനം രാവിലെ ഒന്പതിനു അമ്പൂരി ഫോറോന ദേവാലയത്തിൽ നിന്നും ആരംഭിച്ച് പറത്തി ദേവാലയത്തിൽ സമാപിക്കും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും പ്രദക്ഷിണവും നടക്കും. ഫാ. ജോസഫ് തൈപ്പറമ്പിൽ, ഫാ. സനൂപ് മുത്തുമാക്കുഴി, ഫാ. സുബിൻ കോട്ടൂർ സിഎംഐ എന്നിവർ കർമികത്വം വഹിക്കും. ഊട്ടു നേർച്ചയ്ക്കുശേഷം കൊടിയിറക്കത്തോടെ തിരുനാൾ സമാപിക്കും.
തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. ജോർജ് കപ്പാംമൂട്ടിൽ, കൈക്കാരന്മാരായ സിന്റോ തെക്കേമൈലാടി, വിനോദ് അലിലക്കുഴി, കൺവീനർ ജോസ് മൂന്നാനാൽ, സെക്രട്ടറി ഷൈജു മാണി, കണക്കൻ തോമസ് കൂലിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.
Tags : Nattuvishesham DistrictNews DeepikaNews Feast