മേലൂർ പഞ്ചായത്ത് കാര്യാലയത്തിന് മുന്നിൽ ഇന്നലെ നടന്ന യുഡിഎഫ് പ്രതിഷേധം.
മേലൂർ: ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മരംമുറി, പഞ്ചായത്ത് കമ്മിറ്റി മിനിറ്റ്സിലെ തിരുത്തലുകൾ, മൂന്ന് മാസത്തിലേറെയായി പ്രവർത്തനരഹിതമായ ക്രിമറ്റോറിയം എന്നിവയിൽ പ്രതിഷേധിച്ച് യുഡിഎഫ് മേലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധസമരം നടത്തി.
പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ 21 മരങ്ങൾ പഞ്ചായത്ത് കമ്മിറ്റി തീരുമാന മില്ലാതെയും മറ്റു മാനദണ്ഡങ്ങൾ പാലിക്കാതെയും മുറിച്ച് വിൽപന നടത്തിയെന്നാണ് യുഡിഎഫ് ആരോപണം. മരംമുറി സംബന്ധിച്ച് പഞ്ചായത്ത് കമ്മിറ്റി മുമ്പാകെ പ്രസിഡന്റ്് പോളി പുളിക്കൻ നടത്തിയതായി പറയുന്ന വെളിപ്പെടുത്തലുകൾ പിന്നീട് നിഷേധിച്ചെന്നും യുഡിഎഫ് കുറ്റപ്പെടുത്തി. മരംമുറി വിഷയത്തിൽ പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ കമ്മിറ്റി മിനിറ്റ്സിൽ വ്യാപകമായ തിരുത്തലുകളും ക്രമക്കേടുകളും നടത്തിയതായി ആരോപിച്ചാണ് യുഡിഎഫ് പ്രതിഷേധം. ക്രിമറ്റോറിയം അടിയന്തരമായി പ്രവർത്തനസജ്ജമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.
സമരം ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഷോൺ പെല്ലിശേരി ഉദ്ഘാടനം ചെയ്തു. മേലൂർ മണ്ഡലം പ്രസിഡന്റ് ഷാജൻ മാടവന അധ്യക്ഷത വഹിച്ചു. പരിയാരം ബ്ലോക്ക് കോ ൺഗ്രസ് പ്രസിഡന്റ്് എം.ടി. ഡേവിസും പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവുമായ എം.ടി. ഡേവിസ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് പൈനാടത്ത്, ലിൻസൻ ആന്റണി, ഷീജ പോളി, റിൻസി രാജേഷ്, ജാൻസി ബാബു, കോൺഗ്രസ് നേതാക്കളായ സ്വപ്ന ഡേവിഡ്, എൻ.ഡി. പോൾ, എം.എൽ. വർഗീസ്, എം.ഡി. റാഫേൽ, പോളി നാഴിയംപാറ, പി.എൽ. സെബാസ്റ്റ്യൻ, ടി.ഒ. വാവച്ചൻ, വി.ടി. ജേക്കബ്, ഷാജൻ തെക്കൻ, രാധാകൃഷ്ണൻ, ജോസ് നെറ്റിക്കാടൻ, കെ.സി. അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.
Tags : NattuVishesham DistricteNews