മേലേചുങ്കത്ത് നടക്കുന്ന അടിപ്പാത നിർമാണം.
കുതിരാൻ: ദേശീയപാത വാണിയംപാറ സെന്ററിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ വാണിയംപാറ മേലേചുങ്കത്ത് നിർമിക്കുന്ന അടിപ്പാതയുടെ നീളം ഇരുഭാഗത്തേക്കും ഓരോ കിലോമീറ്റർ ദൂരത്തിലാണ്.അതുകൊണ്ടുതന്നെ ഇതിന്റെ മധ്യഭാഗത്തായി വരുന്ന വാണിയംപാറ സെന്ററിൽ ഇരുഭാഗത്തേക്കുമുള്ള യാത്ര ഏറെ ദുഷ്കരമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഗവ. ആശുപത്രി, സ്കൂൾ, പാൽ സൊസൈറ്റി, ആംബുലൻ സർവീസ് തുടങ്ങിയവയെല്ലാം റോഡിന്റെ തെക്കുഭാഗത്തായാണ് സ്ഥിതിചെയ്യുന്നത്. അടിപ്പാത നിർമാണം പൂർത്തിയായാൽ മേലേചുങ്കത്തുള്ള അടിപ്പാതയിൽ എത്തിവേണം ആളുകൾക്ക് തിരികെ വരാൻ. സ്കൂൾ വിദ്യാർഥികളും വയോധികരും ഉൾപ്പെടെയുള്ളവർ ഇതുമൂലം ഏറെ ദുരിതം അനുഭവിക്കേണ്ടിവരും. അതുകൊണ്ട് ഒരു ആംബുലൻസിന് കടന്നുപോകാൻ കഴിയുന്ന നിലയിലെങ്കിലും പ്രദേശത്ത് ചെറിയ അടിപ്പാത നിർമിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
വാണിയംപാറ സെന്ററിൽ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ കളക്ടർ, തൃശൂർ എംപി, ഒല്ലൂർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവർക്ക് പ്രദേശവാസികൾ നിവേദനം നൽകിയിരുന്നു. എന്നാൽ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകാതെ നിലവിലെ നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
ഇക്കാര്യത്തിൽ അനുകൂലമായ മറുപടി ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വാർഡ് മെമ്പർ സനിൽ വാണിയംപാറ അറിയിച്ചു
Tags : NattuVishesham DistricteNews