മന്ത്രി ഒ.ജെ. ജനീഷ് മത്സരങ്ങൾ ഫ്ളാഗ്ഓഫ് ചെയ്യുന്നു.
മാള: വിവിധ സിലബസുകളിൽ അധ്യയനം നടത്തുന്ന എല്ലാ വിഭാഗം വിദ്യാർഥികളെയും ഏകോപിപ്പിച്ച് കായികമത്സരങ്ങൾക്ക് വേദിയൊരുക്കുന്നതു പരിഗണനയിലെന്ന് സംസ്ഥാന കായികമന്ത്രി അഡ്വ. ഒ.ജെ. ജനീഷ്. മാള ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിൽ സിബിഎസ്ഇ ദക്ഷിണേന്ത്യ ക്ലസ്റ്റർ-2 നീന്തൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ ഉള്ളവർക്കു പ്രത്യേകം മത്സരങ്ങളാണു നിലവിലുള്ളത്. ഇവ ഏകോപിപ്പിച്ച് പൊതുവായി മത്സരങ്ങൾ നടത്തുന്നതിനുള്ള സാധ്യതയാണു പരിശോധിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ ഡോ. രാജു ഡേവിസ് പെരേപ്പാടൻ അധ്യക്ഷത വഹിച്ചു. ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള നീന്തൽ മത്സരങ്ങൾക്ക് അനിവാര്യമായ ഇലക്ട്രോണിക് ടച്ച്പാഡ് ടൈമിംഗ് സംവിധാനം കേരളത്തിൽ നിലവിൽ ലഭ്യമല്ലെന്ന് അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഒരു കോടിയിലധികം ചെലവുവരുന്ന ഈ സംവിധാനം തൃശൂരിൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ബജറ്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നും തൃശൂരിൽ എത്രയും വേഗം ഇലക്ട്രോണിക് ടച്ച്പാഡ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ഉദ്ഘാടനശേഷം മന്ത്രി ജനീഷ് ആദ്യ മത്സരങ്ങൾ ഫ്ളാഗ്ഓഫ് ചെയ്തു.
തൃശൂർ ജില്ലാ സ്വിമ്മിംഗ് അസോസിയേഷൻ പ്രസിഡന്റ് റാഫി ആന്റണി മുഖ്യാതിഥിയായി. തൃശൂർ സെൻട്രൽ സഹോദയ പ്രസിഡന്റ് ഡോ. ബിനു കെ. രാജ്, ഡോ. രാജു ഡേവിസ് സൈനിക് സ്കൂൾ കമാൻഡന്റ് വിംഗ് കമാൻഡർ വിജയ് മേനോൻ, പ്രിൻസിപ്പൽ ഡോ. പി.എൻ. ഗോപകുമാർ, അന്ന ഗ്രേസ് രാജു എന്നിവർ പ്രസംഗിച്ചു.