പ്രതീകാത്മക ചിത്രം
കൊല്ലം: സെന്‍സസ് 2027മായി ബന്ധപ്പെട്ട വിവരശേഖരണപ്രക്രിയ ജില്ലയില്‍ 75.21 ശതമാനം പിന്നിട്ടെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ആനി ജൂല തോമസ്.
പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിവരങ്ങളുടെ കൃത്യത ചാര്‍ജ് ഓഫീസര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്കുന്ന പ്രക്രിയ ജൂലൈ 25നുള്ളില്‍ പൂര്‍ത്തിയാക്കണം. പ്രക്രിയ കൂടുതല്‍ വേഗത്തിലാക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ സെന്‍സസ് ചാര്‍ജ് ഉദ്യോഗസ്ഥര്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തണം. വനമേഖലയില്‍ വിവരശേഖരണംനടത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് ജോലി എളുപ്പമാക്കാന്‍ സൂപ്പര്‍വൈസര്‍മാര്‍, ചാര്‍ജ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പിന്തുണ നല്‍കണം. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരണം സാധ്യമാക്കാന്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടേയും സഹകരണം അനിവാര്യമാണെന്നും കളക്ടര്‍ വ്യക്തമാക്കി. സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാര്‍, അഡിഷണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.