പ്രതീകാത്മക ചിത്രം
വൈക്കം: സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ നാൽപതുമണി ആരാധനയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. ഒരു നൂറ്റാണ്ടായി വിശ്വാസികളുടെ ആത്മീയ ജീവിതത്തിന് കരുത്തും പ്രത്യാശയും പകർന്നു നൽകുന്ന പാരമ്പര്യത്തെ അനുസ്മരിച്ച് വിവിധ ആത്മീയ സാമൂഹിക സാംസ്കാരിക പരിപാടികൾ 100 ദിവസം ആഘോഷിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
വൈക്കം സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ നാല്പതുമണി ആരാധന 1927ലാണ് ആരംഭിച്ചത്. അന്നത്തെ വികാരി ഫാ. കുരുവിള അലങ്കരയുടെ കാലഘട്ടത്തിലാണ് ഈ വിശുദ്ധ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്. ആദ്യകാലങ്ങളിൽ നവംബർ എട്ട്, ഒൻപത്, പത്ത് തീയതികളിലായിരുന്നു നാൽപതുമണി ആരാധന നടത്തിവന്നിരുന്നത്.
1933 ജനുവരി 17, 18, 19 തീയതികളിൽ നടന്ന നാൽപതുമണി ആരാധനയോടനുബന്ധിച്ച് വൈദികരുടെ വചനപ്രഘോഷണത്തിന് പ്രത്യേക പ്രാധാന്യം ലഭിച്ചു. കാലക്രമേണ വിവിധ ആത്മീയ പ്രവർത്തനങ്ങളും ഭക്തിനിർഭരമായ പരിപാടികളും നാൽപതുമണി ആരാധനയുടെ ഭാഗമായി മാറി.
1951ൽ നാൽപതുമണി ആരാധനയുടെ രജതജൂബിലി ആഘോഷിച്ചു.
തുടർന്ന് വിവിധ കാലഘട്ടങ്ങളിൽ പ്രത്യേക ജൂബിലി ആഘോഷങ്ങളോടെ ആരാധന നടത്തുകയും ചെയ്തതായി ഇടവകയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1977ൽ സുവർണ ജൂബിലി ആഘോഷിച്ചു. തുടർന്ന് 1978വരെ വിവിധ ആത്മീയ പരിപാടികളും നടത്തി.
നാളെ വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന നടക്കും. കുർബാനയെത്തുടർന്ന് മാർ ആന്റണി കരിയിൽ ശതാബ്ദി തിരിതെളിച്ച് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് ദിവ്യകാരുണ്യ സന്ദേശം നൽകും.
തുടർന്ന് നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്ക് തോട്ടകം വിൻസെൻഷ്യൻ ആശ്രമത്തിലെ വികാരി ഫാ. ആന്റണി പയ്യപ്പിള്ളി കാർമികത്വം വഹിക്കും. രാത്രി എട്ടോടെ ആരാധന സമാപിക്കും.
ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലിന്റെ സാന്നിധ്യത്തിൽ നടക്കും. മന്ത്രിമാർ, സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ, സഭാനേതാക്കൾ, വൈദികർ, സന്യസ്തർ, ഇടവകാംഗങ്ങൾ എന്നിവർ സമാപന പരിപാടികളിൽ പങ്കെടുക്കും.
പരിപാടി വിശദീകരിച്ച പത്രസമ്മേളനത്തിൽ ഫൊറോനാ വികാരി ഫാ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, സഹവികാരി ഫാ. ജോസഫ് മേച്ചേരി, ആഘോഷക്കമ്മിറ്റി കൺവീനർ മാത്യു കെ. ജോസഫ് കോടാലിച്ചിറ, പിആർഒ മാത്യു കമ്മട്ടി, കൈക്കാരന്മാരായ ജോർജ് ആവള്ളി, ഡെന്നി മംഗലശേരി, വൈസ് ചെയർമാൻ മാത്യു കൂടല്ലി തുടങ്ങിയവർ പങ്കെടുത്തു.