ചങ്ങരംകുളത്തെ ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയിലെ ഷീറ്റ് പൊട്ടിവീണ നിലയിൽ.
ചങ്ങരംകുളം: ലക്ഷങ്ങൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കി രണ്ടു മാസം മുന്പ് ഉദ്ഘാടനം ചെയ്ത ചങ്ങരംകുളത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ.
സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ വകയിരുത്തി നടപ്പാക്കിയ ചങ്ങരംകുളം നഗര സൗന്ദര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശൂർ റോഡിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിതത്. എന്നാൽ മഴ ശക്തമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂരയിലൂടെ വെള്ളം അകത്തേക്ക് വീണുതുടങ്ങി.
മേൽക്കൂരയിലെയും വശങ്ങളിലെയും ഷീറ്റ് പാളികൾ അടർന്നുവീഴുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിന്റെ മേൽഭാഗത്തുനിന്ന് ഷീറ്റിന്റെ ഭാഗങ്ങൾ പൊട്ടി താഴേക്ക് വീണിരുന്നു.
ബസ് കാത്തുനിന്നിരുന്ന യാത്രക്കാർ ഭാഗ്യത്തിനാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബസ് സ്റ്റോപ്പിന്റെ മേൽക്കൂരയിലെ കൂടുതൽ ഭാഗങ്ങൾ ഇളകിനിൽക്കുന്ന സാഹചര്യമാണ്. ദിവസവും നിരവധി ആളുകൾ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമാണത്തിലെ അപാകതകളാണ് ഇത്തരം അവസ്ഥക്കിടയാക്കിയതെന്നാണ് ആരോപണം.
Tags : Local News Nattuvishesham Malappuram