ചിന്നമ്മ ജോസഫ്
ഈരാറ്റുപേട്ട: പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് കായികമികവിലൂടെ തെളിയിച്ച് പൂഞ്ഞാർ പയ്യാനിത്തോട്ടം സ്വദേശിനി ചിന്നമ്മ ജോസഫ് വട്ടോത്ത്. കോയമ്പത്തൂരിൽ നടന്ന അഞ്ചാമത് വെറ്ററൻസ് സ്പോർട്സ് ആൻഡ് ഗെയിംസ് ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ചിന്നമ്മ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.
70 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ മത്സരിച്ച ചിന്നമ്മ 200 മീറ്റർ, 400 മീറ്റർ ഓട്ടം, 4×100 മീറ്റർ റിലേ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും 100 മീറ്ററിൽ രണ്ടാംസ്ഥാനവും നേടി.
ദേശീയതലത്തിലെ ഈ മികച്ച പ്രകടനം ചിന്നമ്മയുടെ കായികമികവിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും കായികരംഗത്ത് മികവ് പുലർത്താനും നേട്ടങ്ങൾ കൈവരിക്കാനും കഴിയുമെന്ന സന്ദേശമാണ് ചിന്നമ്മയുടെ വിജയം നൽകുന്നത്. കായികരംഗത്തോടുള്ള സമർപ്പണവും മത്സരവീര്യവും കൈമുതലാക്കി ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ അഭിമാനമായി മാറിയ ചിന്നമ്മ ജോസഫിന്റെ നേട്ടം നാടിനും അഭിമാനമായി.
Tags :