തൊടുപുഴ നഗരസഭ കൗണ്‍സില്‍ ബഹിഷ്കരണ തീരുമാനം ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ അംഗങ്ങളെ അറിയിക്കുന്നു.
തൊടുപുഴ: നഗരസഭയില്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍നിന്നു നാടകീയ നീക്കം. ചെയര്‍പേഴ്സണ്‍ സാബിറ ജലീലിന്റെ ഇറങ്ങിപ്പോക്കോടെയാണ് കൗണ്‍സിലിന് തുടക്കം കുറിച്ചത്. തനിക്കും കുടുംബാഗങ്ങള്‍ക്കുമെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ രാജേഷ് ബാബു പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നായിരുന്നു ചെയര്‍പേഴ്സന്റെ ആവശ്യം.
ഇക്കാര്യത്തില്‍ തീരുമാനമാകാതെ ചെയര്‍പേഴ്സന്റെ കസേരയില്‍ ഇരിക്കില്ലെന്ന് വ്യക്തമാക്കിയാണ് മുസ്ലിം ലീഗ് പ്രതിനിധിയായ ചെയര്‍പേഴ്സണ്‍ കൗണ്‍സില്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയത്. ചെയര്‍പേഴ്സണു പിന്നാലെ ലീഗിലെ നാല് കൗണ്‍സിലര്‍മാരും യോഗം ബഹിഷ്കരിച്ചു. എന്നാല്‍, മുന്‍ ചെയര്മാന് എ.എം. ഹാരിദ് ഉള്‍പ്പടെ രണ്ടംഗങ്ങള്‍ കൗണ്‍സിലില്‍ തുടര്‍ന്നതോടെ ഇക്കാര്യത്തില്‍ ലീഗിനുള്ളിലെ ഭിന്നത മറനീക്കി പുറത്തുവന്നു.
നഗരസഭയുടെ തനതു ഫണ്ടില്‍നിന്നു താനറിയാതെ 7.70 ലക്ഷം രൂപയുടെ ചെക്ക് മാറിയെടുത്തതായി ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഏതാനും ദിവസം മുമ്പു നടന്ന കൗണ്‍സിലില്‍ ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത്. ഇതിനു പിന്നാലെയാണ് ലീഗ് അംഗമായ സഫിയ ജബ്ബാറും കോണ്‍ഗ്രസ് അംഗം രാജേഷ് ബാബുവും ചെയര്‍പേഴ്സണെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ചത്. കരാറുകാരില്‍നിന്നു കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, ആരോപണം നിഷേധിച്ച ചെയര്‍പേഴ്സണ്‍ ഇത് ഉന്നയിച്ച കൗണ്‍സിലര്‍മാര്‍ക്കെതിരേ നടപടി ആവശ്യപ്പെടുകയും ചെയ്തു.
ഏതാനും ദിവസം മുമ്പ് ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ ആരോപണം ഉന്നയിച്ച സഫിയ ജബ്ബാറിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു പുറത്താക്കിയിരുന്നു. എന്നാല്‍, രാജേഷ് ബാബുവിനെതിരേ കോണ്‍ഗ്രസ് അച്ചടക്കനടപടികള്‍ സ്വീകരിച്ചില്ല. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇത്തരം വിഷയങ്ങളില്‍ ജാഗ്രതകാട്ടണമെന്ന് ഡിസിസി പ്രസിഡന്റ് വാക്കാല്‍ പറയുക മാത്രമാണ് ചെയ്തത്.
ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ രാജേഷ് ബാബു പരസ്യമായി മാപ്പുപറയണമെന്ന ആവശ്യമാണ് ചെയര്‍പേഴ്സണ്‍ ഉന്നയിച്ചത്. തുടര്‍ന്ന് കൗണ്‍സില്‍ ബഹിഷ്കരിക്കുന്നതായി അറിയിക്കുകയായിരുന്നു. ലീഗ് അംഗങ്ങളായ കെ.എം. നിഷാദ് , ടി.എം. ബഷീര്‍, റംസിയ നിയാസ്, സുബൈദ സെയ്ദു മുഹമ്മദ് എന്നിവരും ചെയര്‍പേഴ്സണ്‍ പിന്തുണയുമായി കൗണ്‍സില്‍ ബഹിഷ്കരിച്ചു. ഇതേസമയം ലീഗ് അംഗങ്ങളായ എ.എം. ഹാരിദ്, സഫിയ ജബ്ബാര്‍ എന്നിവര്‍ കൗണ്‍സിലില്‍ തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് ചെയര്മാന് കെ. ദീപക് കൗണ്‍സിലില്‍ അധ്യക്ഷത വഹിച്ചു.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയല്ല കൗണ്‍സിലെന്നും ജനങ്ങളുടെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണാനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും കെ.കെ. ഷിംനാസ്, ആര്. ഹരി, ടി.കെ. സുധാകരന്‍നായര്‍ എന്നിവര്‍ നിലപാടെടുത്തു.
നാല്പതോളം അജണ്ടകള്‍ ചര്‍ച്ചയ്ക്കെടുക്കേണ്ട യോഗത്തില്‍ ഇത്തരം നടപടികള്‍ ദൗര്‍ഭാഗ്യകരമാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. പിന്നീട് അജണ്ടകള്‍ ചര്‍ച്ചയ്ക്കെടുത്തതോടെ കൗണ്‍സില്‍ നടപടികള്‍ സുഗമമായി നടന്നു.
ഇതിനിടെ നഗരത്തിലെ വഴിവിളക്കുകളുടെ പ്രശ്നം പരിഹരിക്കാത്തതില്‍ ബിജെപി അംഗങ്ങള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി കൗണ്‍സിലില്‍ പ്രതിഷേധിച്ചു. നിലവിലുണ്ടായിരുന്ന കരാറുകാരനെ മാറ്റാനും പുതിയ ടെണ്ടര്‍ ക്ഷണിക്കാനുമുള്ള നടപടിയായതായി വൈസ് ചെയര്മാന് കെ. ദീപക് അറിയിച്ചു. ഓരോ വാര്‍ഡിലേക്കും പുതിയ ലൈറ്റുകള്‍ വാങ്ങാനായി 50,000 രൂപ വീതം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
മുതലക്കോടം പഴുക്കാക്കുളത്ത് വെല്‍നസ് സെന്ററും പട്ടയം കവലയില്‍ ഔട്ട്റീച്ച് സെന്ററും സ്ഥാപിക്കും. നേരത്തേ ഇക്കാര്യത്തില്‍ ഉണ്ടായിരുന്ന തര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെടുത്തത്.
മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റ്റേഷന് തുറക്കുന്നതുമായി ബന്ധപ്പെട്ട് ടാങ്ക് നിര്‍മാണം പൂര്‍ത്തിയാക്കി ശുചിത്വമിഷന്റെ അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ ഓഫിസിനു മുകളിലെ സോളാര്‍ സിസ്റ്റത്തിന്റെ തകരാറിലായ ഇന്‍വെര്‍ട്ടര്‍ വാങ്ങാന്‍ ധനകാര്യകമ്മിറ്റി അംഗീകാരം നല്‍കിയതായും വൈസ് ചെയര്മാന് അറിയിച്ചു.
Tags :