ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റോയി ജോര്‍ജ് നിര്‍വഹിക്കുന്നു.
മുട്ടുചിറ: എസ്സിഎംഎസ് ഗ്രൂപ്പ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും കൂറ്റുകാരന് ഗ്രൂപ്പും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് നടപ്പിലാക്കിയിരിക്കുന്ന സുരക്ഷിത് മാര്‍ഗ് പദ്ധതിയുടെ ഭാഗമായുള്ള റോഡ് സേഫ്റ്റി ക്ലബ് മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കതടത്തില്‍ ഉദ്ഘാടനം ചെയ്തു.
റോഡ് നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി പഠിപ്പിക്കേണ്ടത് ഈ കാലത്ത് ആവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.
കോട്ടയം ജില്ലയില്‍ 65 സ്കൂളുകളിലാണ് സുരക്ഷിത് മാര്‍ഗ് റോഡ് സേഫ്റ്റി ക്ലബ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. സ്കൂള്‍ മാനേജര്‍ ഫാ.അബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഭരത്ചന്ദ്രന് റോഡ് സുരക്ഷ ക്ലാസ് നയിച്ചു. റോഡ് നിയമങ്ങള്‍ അനുസരിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിന് കനത്ത വിലയാണ് പലപ്പോഴും നല്‍കേണ്ടി വരുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഹെഡ്മിസ്ട്രസ് സില്‍ജ മാത്യൂസ് റോഡ് സേഫ്റ്റി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സ്കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ.ജോസഫ് മഠത്തിപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് ഷിനോജ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകരായ ഡോ.റോബിന് മാത്യു, വിന്ദു കെ. വര്‍ഗീസ് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
Tags :