വടക്കഞ്ചേരി: വടക്കഞ്ചേരി- മണ്ണുത്തി ആറുവരി അതിവേഗ ദേശീയപാത തുടങ്ങുന്ന വടക്കഞ്ചേരി മേൽപാലത്തിൽ തുടർച്ചയായുണ്ടാകുന്ന തകരാറുകളും സുരക്ഷാവീഴ്ചകളും സംബന്ധിച്ച് ഉയർന്ന തലത്തിലുള്ള സാങ്കേതിക അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻഎംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും ദേശീയപാത അഥോറിറ്റി ചെയർമാനും കത്തയച്ചു.
നാലുവർഷംമുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത മേൽപാലത്തിൽ ഇതിനകം അമ്പതിലേറെ തവണ റോഡ് ടാറിംഗും കോൺക്രീറ്റ് ഭാഗങ്ങളും തകർന്ന് അറ്റകുറ്റപണികൾ നടത്തേണ്ടി വന്നിട്ടുണ്ട്.
പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിലും കോൺക്രീറ്റ് സ്ലാബുകളിലും വലിയ രീതിയിൽ പൊട്ടലുകൾ രൂപപ്പെടുകയും ഇരുമ്പുകമ്പികൾ പൂർണമായി പുറത്തുകാണുന്ന സ്ഥിതിവിശേഷവുമുണ്ട്.
ഇതുവഴി കടന്നുപോകുന്ന ഭാരമേറിയ വാഹനങ്ങളുടെ യാത്രാവേളകളിൽ പാലത്തിൽ കടുത്ത പ്രകമ്പനങ്ങളും കുലുക്കങ്ങളും അനുഭവപ്പെടുന്നുണ്ടെന്നും ഇത് യാത്രക്കാർക്കിടയിൽ വലിയ ഭീതി പരത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിലവാരമില്ലാത്ത നിർമാണവും കരാർ കമ്പനിയുടെ വീഴ്ചയുമാണ് തുടർച്ചയായ ഇത്തരം തകരാറുകൾക്ക് കാരണം.കോടികൾ ചെലവഴിച്ച് നിർമിച്ച പ്രധാന ദേശീയപാതയിലെ പാലത്തിൽ ഈ രീതിയിലുള്ള പ്രശ്നങ്ങൾ ആവർത്തിക്കുന്നത് യാത്രാസുരക്ഷയ്ക്ക് ഭീഷണിയാണ്.
ഈ സാഹചര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ഐഐടി മദ്രാസ് അല്ലെങ്കിൽ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Tags :