പ്രതീകാത്മക ചിത്രം
തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ സമയത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു ബസ് കണ്ടക്ടർക്കു കഴുത്തിനു കുത്തേറ്റ സംഭവത്തിൽ പൊലിസ് നടപടി വൈകുന്നെന്ന് ആക്ഷേപം. സംഭവംനടന്ന് അഞ്ചുദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ലെന്നും കഴുത്തിനുമുകളിൽ കുത്തേറ്റിട്ടും വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയില്ലെന്നും മനഃപൂർവം വൈകിക്കുന്നെന്നുമാണ് ആരോപണം.
കഴിഞ്ഞ 17നു വൈകിട്ട് 5.45നാണു സംഭവം. തൃശൂർ- ഗുരുവായൂർ റൂട്ടിലോടുന്ന കുറുപ്പത്ത് ബസിലെ കണ്ടക്ടറായ അഖിലിനാണു(30) കുത്തേറ്റത്. ഇതേ റൂട്ടിലോടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ രാജേഷിന്റെ മകൻ കാർത്തിക്(18) ആക്രമിച്ചെന്നാണു പരാതി. അന്നുതന്നെ അഖിൽ ഈസ്റ്റ് പൊലിസിൽ പരാതി നൽകിയെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വൈകുന്നെന്ന് ആരോപിച്ച് ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കു വീണ്ടും പരാതി നൽകി.
ശക്തൻ സ്റ്റാൻഡിൽ ഗുരുവായൂരിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്ന ഭാഗത്താണു സംഭവം.
ബസുകൾ തമ്മിൽ സമയത്തെച്ചൊല്ലി തർക്കമുണ്ടാകുകയും കാർത്തിക് സ്ഥലത്തെത്തി കുറുപ്പത്ത് ബസിന്റെ കണ്ടക്ടറെ സ്ക്രൂഡ്രൈവർകൊണ്ടു കുത്തുകയുമായിരുന്നു. അഖിലിനു കഴുത്തിനും കൂടെയുണ്ടായിരുന്ന മറ്റൊരു ബസ് ജീവനക്കാരനു കൈക്കുമാണു പരിക്കേറ്റത്. സംഘർഷത്തിൽ കാർത്തിക്കിന്റെ പല്ലിനും പരിക്കേറ്റിരുന്നു.
Tags :