മുള്ളേരിയ സബ് സ്റ്റേഷനു സമീപം നിർമാണം പൂർത്തിയായ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) യൂണിറ്റ്.
കാസർഗോഡ്: രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കത്തിന് പരിഹാരമായി കെഎസ്ഇബി സ്വകാര്യ സംരംഭകരുടെ സഹായത്തോടെ സ്ഥാപിക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് മുള്ളേരിയയിൽ ഒരുങ്ങി. ഗുജറാത്ത് ആസ്ഥാനമായ ഒപേര ഗ്രീൻ യാന പ്രൈവറ്റ് ലിമിറ്റഡ് ആണ് 15 മെഗാവാട്ട് ശേഷിയുള്ള ബെസ് യൂണിറ്റിന്റെ നിർമാണം നടത്തിയത്. രാത്രികാലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടെനിന്ന് വൈദ്യുതി വിതരണവും തുടങ്ങിയിട്ടുണ്ട്. കെഎസ്ഇബിയുടെ പരിശോധനകൾ പൂർത്തിയാക്കി അനുമതി ലഭിച്ചതിനു ശേഷം ആഴ്ച്ചകൾക്കുള്ളിൽ തന്നെ ഉദ്ഘാടനം നടത്തി പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.
മൈലാട്ടിയിൽ 125 മെഗാവാട്ട് ശേഷിയുള്ള ബെസ് യൂണിറ്റ് നിർമാണഘട്ടത്തിലാണ്. മുള്ളേരിയയിലേതിനേക്കാൾ എട്ടിരട്ടിയിലധികം ശേഷിയുള്ള ഈ യൂണിറ്റ് കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ജില്ലയിലെ വൈദ്യുതി ക്ഷാമത്തിന് ഗണ്യമായ തരത്തിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പകൽ സമയങ്ങളിൽ ലഭിക്കുന്ന അധിക വൈദ്യുതി ബാറ്ററിയിൽ സംഭരിച്ചുവച്ച് രാത്രിയിൽ ഉപയോഗം കൂടുന്ന സമയങ്ങളിൽ കെഎസ്ഇബിക്കു തിരികെ നൽകുന്നതാണ് പദ്ധതി. അമ്പലത്തറയിലെയും പൈവളിഗെയിലെയും സൗരോർജപാർക്കുകളിൽ നിന്നുള്ള വൈദ്യുതിയും ബെസ് യൂണിറ്റുകളിൽ സംഭരിക്കാനാകും.
മുള്ളേരിയ സബ് സ്റ്റേഷനോടു ചേർന്നുള്ള കെഎസ്ഇബിയുടെ ഒരേക്കർ സ്ഥലത്താണ് ബെസ് യൂണിറ്റ് സ്ഥാപിച്ചത്. മൈലാട്ടിയിലും കെഎസ്ഇബിയുടെ കൈവശമുള്ള അധിക സ്ഥലമാണ് ഇതിനായി നൽകിയത്. സൗജന്യമായി സ്ഥലം നൽകുന്നതല്ലാതെ പദ്ധതിയിൽ കെഎസ്ഇബി മുതൽമുടക്കൊന്നും നടത്തുന്നില്ല. സ്ഥലം നൽകിയതിനു പകരമായി സാധാരണ കേന്ദ്ര പവർ ഗ്രിഡിൽ നിന്ന് വാങ്ങുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ കെഎസ്ഇബിക്ക് ഇവിടങ്ങളിൽ നിന്ന് വൈദ്യുതി ലഭിക്കുമെന്നാണ് കരാർ.
സാധാരണഗതിയിൽ രാത്രികാലങ്ങളിൽ വൈദ്യുതിയുടെ ലഭ്യതക്കുറവും പുറത്തുനിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവരുന്നതുമാണ് പവർകട്ടിനും ലോഡ് ഷെഡിംഗിനും കാരണമാകുന്നത്.
15 മെഗാവാട്ട് വൈദ്യുതി നാലു മണിക്കൂർ വീതം ലഭിക്കുന്ന രീതിയിലാണ് മുള്ളേരിയയിലെ ബെസിന്റെ പ്രവർത്തനം. അങ്ങനെയാകുമ്പോൾ നാലു മണിക്കൂർ കൊണ്ട് 60 മെഗാവാട്ട് വൈദ്യുതി ലഭിക്കും. മൈലാട്ടിയിലെ ബെസ് യൂണിറ്റ് പ്രവർത്തനക്ഷമമാകുമ്പോൾ ഈ രീതിയിൽ 500 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് ലഭിക്കും. കേന്ദ്ര സർക്കാരിനു കീഴിലുള്ള നാഷനൽ ഹൈഡ്രോ പവർ കോർപറേഷന്റെ കീഴിലാണ് ബെസ് പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നത്.
Tags :