തേർത്തല്ലി ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നടത്തിയ വിളംബര റാലി.
ആലക്കോട്: നിർമലം-പുതുയുഗം ശുചിത്വ കേരളം കാമ്പയിന്റെ ഭാഗമായി ആലക്കോട് പഞ്ചായത്തിലെ തേർത്തല്ലി ടൗണിനെ ബീക്കൺ ടൗണായി പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി സമ്പൂർണ ശുചിത്വം ഉറപ്പാക്കുന്നതിനും മാലിന്യസംസ്കരണത്തിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി നടത്തിയ വിളംബര റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
ബീക്കൺ ടൗൺ പ്രഖ്യാപനത്തിനു മുന്നോടിയായി തേർത്തല്ലി കേന്ദ്രീകരിച്ച് വിപുലമായ ശുചീകരണ-ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. ടൗണിലെ ശുചിത്വനിലവാരം വിലയിരുത്തുന്നതിനും പോരായ്മകൾ കണ്ടെത്തുന്നതിനുമായി മേരിഗിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിൽ ബേസ്ലൈൻ സർവേ നടത്തി. കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം പ്രധാന കേന്ദ്രങ്ങളിൽ ശുചിത്വ സന്ദേശബോർഡുകളും മാലിന്യശേഖരണ ബിന്നുകളും സ്ഥാപിച്ചു. പൊതുസ്ഥലങ്ങളിൽ തുപ്പുന്നതിന്റെ ദൂഷ്യവശങ്ങൾ ബോധ്യപ്പെടുത്താൻ തുപ്പൽ വേണ്ട, ശുചിത്വം മതി എന്ന സന്ദേശവുമായി തുപ്പൽവിരുദ്ധ റാലിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പി.സി. ആയിഷ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ജോൺസൺ ചിറവയൽ, വത്സമ്മ വാണിശേരി, റീമോൾ ബിജു, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസ് വട്ടമല, വി.വി. അബ്ദുള്ള, ഷാജി കാരിക്കാട്ടിൽ, ശുചിത്വ മിഷൻ ആർപി സുജന വിജു, പഞ്ചായത്ത് സെക്രട്ടറി അൽത്താഫ് റഹ്മാൻ, എക്സൈസ് ഉദ്യോഗസ്ഥർ, ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. ശ്രീരാജ്, മേരിഗിരി ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.യു. ജോസ് കുട്ടി, വിഇഒ അഖിൽ, എച്ച്ഐ ലിഖിന എന്നിവർ പ്രസംഗിച്ചു.
Tags :