പ്രതിനിധികളുടെ യോഗം.
പാലക്കാട്: വോട്ടര്‍പട്ടിക പ്രത്യേക പുതുക്കലിന്റെ (സ്പെഷല്‍ സമ്മറി റിവിഷന്‍ 2027) ഭാഗമായി നവംബര്‍ 12ന് കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ കെ. സുധീര്‍ അറിയിച്ചു. കരട് പ്രസിദ്ധീകരിക്കുന്നതുമുതല്‍ ഡിസംബര്‍ 11 വരെയുള്ള ദിവസങ്ങളില്‍ പട്ടികയില്‍ പേരുചേര്‍ക്കാനും പേര് നീക്കംചെയ്യാനും, ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പേരുമാറ്റാനും, തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താനും അവസരമുണ്ട്.
നിലവില്‍ എല്ലാ വില്ലേജ് ഓഫീസുകളിലും പട്ടികയില്‍ പേരുചേര്‍ക്കുന്നതിനുള്ള സ്പെഷ്ല്‍ ഡ്രൈവ് ഫോര്‍ എന്റോൾമെന്റ് നടത്തിവരുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വോട്ടര്‍പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ 1200ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള 38 പോളിംഗ് സ്റ്റേഷനുകളില്‍ പരമാവധി വോട്ടര്‍മാരുടെ എണ്ണം 1200ല്‍ താഴെയായി ക്രമീകരിക്കും. ഇത്തരം പുനഃക്രമീകരണങ്ങള് പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ പുതിയ പോളിംഗ് സ്റ്റേഷനുകള്‍ രൂപീകരിക്കും. വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള ബൂത്തില്‍നിന്ന് തൊട്ടടുത്തുള്ള എണ്ണംകുറഞ്ഞ ബൂത്തുകളിലേക്ക് മാറ്റുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
സ്പെഷല്‍ സമ്മറി റിവിഷനുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബര്‍ 12 മുതല്‍ ഡിസംബര്‍ 11 വരെ സ്വീകരിക്കും. ഇവയില്‍ തീര്‍പ്പു കല്പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 28 ആണ്. 2027 ജനുവരി നാലിന് അന്തിമപട്ടിക പ്രസിദ്ധീകരിക്കുമെന്നും പറഞ്ഞു. ഇലക്്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി. ഷിബു, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.കെ. മണികണ്ഠന്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്. മുരളി മോഹന്‍, ആര്‍ഡിഒ കെ. ദേവകി, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :