പ്രതീകാത്മക ചിത്രം
ബസുകളുടെ സമയക്രമം പുനഃക്രമീകരിക്കണമെന്ന് നിര്‍ദേശം
കോഴിക്കോട് : സംസ്ഥാനത്തെ പൊതുഗതാഗത ബസ് സർവീ സുകളുടെ നിലവിലുള്ള സമയക്രമം സംബന്ധിച്ച് പഠനം നടത്തി സമഗ്രമായി പുനഃക്രമീകരിക്കുന്നതിനും കാലാനുസൃതമായി പുനഃപരിശോധിക്കുന്നതിനും ആവശ്യമായ സംവിധാനം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഗതാഗത വകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.
പൊതുഗതാഗത സംവിധാനം ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയും സൗകര്യവും ഒരു പോലെ പരിഗണിക്കുന്ന തരത്തിൽ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദമാക്കുന്നതിനുള്ള ദീർഘകാല നടപടിയുടെ ഭാഗമായി ഇക്കാര്യം പരിഗണിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
പൊതുഗതാഗത ബസ് സർവീസുകളുടെ നിലവിലുള്ള സമയക്രമം അനുസരിച്ച് ഗതാഗത തിരക്ക്, റോഡുകളുടെ ശേഷി, യാത്രക്കാരുടെ ആവശ്യകത, നിലവിലുള്ള ബസ് സർവീസുകളുടെ എണ്ണം, റൂട്ടുകളുടെ ദൈർഘ്യം, വിവിധ സർവീസുകൾ തമ്മിലുള്ള ഇടവേള തുടങ്ങിയ ഘടകങ്ങൾ ശാസ്ത്രീയപഠനത്തിൽ ഉൾപ്പെടുത്തണം. പഠനത്തിന്റെ അടിസ്ഥാനത്തിൽ സമയക്രമം സമഗ്രമായി പുനഃക്രമീകരിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
കോഴിക്കോട് നഗരത്തിലെ ബസ് സമയക്രമത്തെച്ചൊല്ലി ജീവനക്കാർ തമ്മിലടിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
തമ്മിലടിക്ക് ശേഷം ജീവനക്കാർ തമ്മിൽ ഒത്തുതീർപ്പിലെത്തുന്നതു കാരണം പൊലിസിന് ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടാനാവുന്നില്ല. സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിന് സമയക്രമത്തിലെ അപാകതകൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
Tags : District News Nattuvishesham Clash between bus staff