പത്തനംതിട്ട: പഠനത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമായി വിദ്യാർഥികളിൽ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ററാക്ടീവ് പാനലുകളുമായി പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്എസ്എസ്. സ്കൂളിലെ പ്ലസ്ടു ക്ലാസുകൾക്കുവേണ്ടിയാണ് ഏഴ് പാനലുകൾ സജ്ജമായിരിക്കുന്നത്.
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് 7.70 ലക്ഷം രൂപ വിനിയോഗിച്ചാണ് പാനലുകൾ സ്ഥാപിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പൽ ജേക്കബ് ജോർജ് കുറ്റിയിലും പിടിഎ പ്രസിഡന്റ് ഫാ. ഷൈജു കുര്യനും പത്രസമ്മേളനത്തിൽ പറഞ്ഞു.
പരന്പരാഗത പാഠപുസ്തക വായനയ്ക്കപ്പുറം പ്രോജക്ടുകളും സ്മാർട്ട് ബോർഡുകളും ഉപയോഗിച്ച് പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലൂടെ ക്ലാസ് മുറികൾ ദൃശ്യപഠനത്തിനു വിധേയമാകുകയാണ്.
കേരളത്തിൽ എയ്ഡഡ് സ്കൂളുകളിൽ ആദ്യമായാണ് ഇന്ററാക്ടീവ് ഡിജിറ്റൽ ബോർഡുകൾ പഠന, ബോധന പ്രവർത്തനങ്ങൾക്കായി സജ്ജീകരിക്കുന്നത്. നാളെ രാവിലെ 9.30ന് സ്കൂളിൽ ചേരുന്ന യോഗത്തിൽ ഇന്ററാക്ടീവ് ഡിജിറ്റൽ പാനലിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിക്കും. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അധ്യക്ഷത വഹിക്കും. തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ സ്മാർട്ട് അറ്റ് കാതോലിക്കേറ്റ് പ്രഖ്യാപനം നടത്തും. യോഗത്തിൽ സ്കൂൾ വികസന സമിതി, ഗവേണിംഗ് ബോർഡ് അംഗങ്ങളെ അബിൻ വർക്കി എംഎൽഎ ആദരിക്കും.
ഗവേണിംഗ് ബോർഡംഗങ്ങളായ ഫാ. സഖറിയ സാമുവേൽ, മാത്യൂസ് മാടത്തേത്ത്, മുൻ കോ-ഓർഡിനേറ്റർ ഫാ. ബിജു മാത്യു, വികസന സമിതി അംഗങ്ങളായ ബാബു പാറയിൽ, അനിൽ പി. വർഗീസ്, നിതിൻ മണക്കാട്ടുമണ്ണിൽ, ഹെഡ്മിസ്ട്രസ് പി.എം. ജയമോൾ തുടങ്ങിയവർ പ്രസംഗിക്കും. സ്റ്റാഫ് സെക്രട്ടറി ബിനോദ് മാത്യുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.