റവന്യൂ ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽനിന്ന്.
നെടുങ്കണ്ടം: സംസ്ഥാന സ്കൂൾ ഗെയിംസിന് മുന്നോടിയായുള്ള ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരം.
കളരിപ്പയറ്റ് മുറകളിലെ മെയ് പയറ്റ്, ചുവടുകൾ, കോൽത്താരിയിലെ ചൂരൽ പയറ്റ് എന്നിവയുടെ അടിസ്ഥാന പാഠങ്ങളിലായിരുന്നു മത്സരങ്ങൾ. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നായി 40 വിദ്യാർഥികൾ ചുവട്, മെയ് പയറ്റ്, കോൽത്താരി ഇനങ്ങളിൽ മാറ്റുരച്ചു. ചാമ്പ്യൻഷിപ്പിൽ കട്ടപ്പന ഉപജില്ല ഓവറോൾ ചാമ്പ്യന്മാരായി.
വിജയികളായ വിദ്യാർഥികൾ പാലക്കാട് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ ജില്ലയെ പ്രതിനിധീകരിക്കും. മത്സരം സേനാപതി വേണു എംഎൽഎ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദീൻ യൂസഫ് അധ്യക്ഷത വഹിച്ചു.
സ്പോർട്സ് കൗൺസിൽ അംഗം ടി.എം. ജോൺ, എം.എൻ. ഗോപി, എം.എസ്. മഹേശ്വരൻ, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി ജി.കെ. രാജശേഖരൻ ഗുരുക്കൾ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ. സുരേഷ്, നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ ഭാരവാഹികളായ റെയ്സൺ പി. ജോസഫ്, സൈജു ചെറിയാൻ, സംസ്ഥാന കളരിപ്പയറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബാബുരാജ് ഗുരുക്കൾ, അഭിലാഷ് ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews