മതിലകത്ത് പെരുംതോട് ശുചീകരണ പ്രവർത്തങ്ങൾ ആരംഭിച്ചപ്പോൾ.
മതിലകം: ഇറിഗേഷൻ വകുപ്പിന്റെ ഫണ്ട് ലഭിച്ചില്ലെങ്കിലും പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് പെരുംതോട് വലിയ തോടിന്റെ ശുചീകരണം ആരംഭിച്ചു.
സാധാരണ എല്ലാ വർഷങ്ങളിലും മഴക്കാലത്തിനു മുൻപായി ശുചീകരണം നടത്തിയിരുന്നു. ഇത്തവണ ജലസേചനവകുപ്പിന്റെ ഫണ്ട് വൈകിയും ലഭിച്ചില്ല. മഴ ശക്തമാകുകയും ശുചീകരണംവൈകുകയും ചെയ്താൽ പ്രധാന ജലസ്രോതസായ പെരുംതോട് വലിയതോട് നിറഞ്ഞു വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പഞ്ചായത്തിന്റെ തനത് ഫണ്ടിൽനിന്നു പത്തു ലക്ഷം രൂപ വിനോയോഗിച്ചു കുളവാഴയും ചണ്ടിയും പുല്ലും പടർന്ന് നീരൊഴുക്ക് തടസപ്പെട്ട പെരുംതോട് വലിയതോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. ആൽഫ ഉദ്ഘാടനം നിർവഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.പി. പ്രസീത അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എം.എ. ബിനേഷ്, ഹസീന റഷീദ്, പഞ്ചായത്ത് മെമ്പർ സുനിൽ പി.മേനോൻ, സെകട്ടറി രാമദാസ്, ടി.എസ്. ഗോപിനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
കയ്പമംഗലം മണ്ഡലത്തിലെ പെരിഞ്ഞനം, മതിലകം, ശ്രീനാരായണപുരം ഉൾപ്പെടെയുള്ള ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഒഴുകുന്നതാണ് പെരുംതോട് - വലിയതോട്.
Tags : Cleaning NattuVishasham DistrictNews