പിക്കപ്പ് വാനിന്റെ ടയർ ഊരിപ്പോയ നിലയിൽ.
മുക്കം: എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന മിനി പിക്കപ്പ് വാനിന്റെ ടയർ ഊരിത്തെറിച്ചു. മുക്കം പാലത്തിന് സമീപം ദിയാ ഗോൾഡിന് മുന്നിൽ വച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.
നിയന്ത്രണംവിട്ട വാനിൽ നിന്ന് തെറിച്ചുപോയ ടയർ ഏകദേശം 200 മീറ്ററോളം അപ്പുറത്തുനിന്നാണ് കണ്ടെത്തിയത്. തിരക്കേറിയ സംസ്ഥാന പാതയിൽ വെച്ചാണ് അപകടമുണ്ടായതെങ്കിലും മറ്റ് വാഹനങ്ങളിലോ കാൽനടയാത്രക്കാരിലോ ടയർ ചെന്നു ഇടിക്കാതിരുന്നതും വാഹനത്തിന്റെ വേഗത കുറവായിരുന്നതും വലിയൊരു അപകടം ഒഴിവാക്കി.
അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസം അനുഭവപ്പെട്ടെങ്കിലും പിന്നീട് വാഹനവും ടയറും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.