പേരാമ്പ്ര: പേരാമ്പ്രയിൽ സിഎൻജി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻടിയുസി പ്രവർത്തകർ എംഎൽഎ ഫാത്തിമ തഹ്ലിയയ്ക്ക് നിവേദനം നൽകി. മലയോര മേഖലയുടെ സിരാകേന്ദ്രമായ പേരാമ്പ്ര ടൗണിൽ വാഹനങ്ങളിൽ സിഎൻജി നിറയ്ക്കാൻ സൗകര്യമില്ല. പേരാമ്പ്രയിലെയും സമീപ പ്രദേശങ്ങളിലെയും സിഎൻജി വാഹനങ്ങൾ ഇന്ധനം നിറയ്ക്കുന്നതിനായി കിലോമീറ്ററുകൾ പോകേണ്ട അവസ്ഥയാണുള്ളത്.
ഇതിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോ തൊഴിലാളികളാണ്. ഇന്ധനം നിറയ്ക്കുന്നതിന് വേണ്ടി ഇവർക്ക് 20 മുതൽ 35 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രയാസം എംഎൽഎയെ ബോധ്യപ്പെടുത്താൻ ഓട്ടോ തൊഴിലാളികൾ ഒപ്പ് ശേഖരണം നടത്തി നിവേദനം സമർപ്പിച്ചത്.
ഐഎൻടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി എംഎൽഎയ്ക്ക് നിവേദനം കൈമാറി. ഐഎൻടിയുസി പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് കെ. ജയചന്ദ്രൻ, സെക്രട്ടറി സി.പി. രാജീവൻ, ബാലൻ കല്ലൂർ, പി. സുഭാഷ് എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.
Tags : Local News Nattuvishesham Kozhikode