മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് സംഘടിപ്പിച്ച "കോഗ്നിസൻസ് 2026' അന്തർസ്കൂൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവനന്തപുരം കവടിയാർ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ
തിരുവനന്തപുരം: മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളജ് സംഘടിപ്പിച്ച "കോഗ്നിസൻസ് 2026' അന്തർസ്കൂൾ ക്വിസ് മത്സരത്തിൽ കവടിയാർ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മൺവിളയിലെ ഭാരതീയ വിദ്യാഭവനും കവടിയാർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
ഐഎഎസ് ഫാക്ടർ സ്ഥാപകനും മുതിർന്ന ഐഎഎസ് പരിശീലകനുമായ അർജുൻ ആർ. ശങ്കർ ആയിരുന്നു ക്വിസ് മാസ്റ്റർ. പ്ലസ് ടു വിദ്യാർഥികളായ ആദിത്യ ഹരി, സി.യു. ഗൗതം എന്നിവരാണ് ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിനു ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനം നേടിയ ഭാരതീയ വിദ്യാഭവനു വേണ്ടി മത്സരിച്ചത് പ്ലസ് ടു വിദ്യാർഥികളായ എ.പി. അഭിജിത്, എസ്. മദൻ മോഹൻ എന്നിവരാണ്.
പത്താം ക്ലാസ് വിദ്യാർഥികളായ ആർദ്ര നായർ, വിനയ് ഗീവർഗീസ് ദീപക് എന്നിവർ ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിനു മൂന്നാം സ്ഥാനം നേടിക്കൊടുത്തു. 15000, 10000, 5000 രൂപയായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കു പുരസ്ക്കാരത്തുക. കോളജ് ഡയറക്ടർ ഫാ. ഡോ. ജോഷി ജോർജ് സിഎംഐ, പ്രിൻസിപ്പൽ ഡോ. ജോളി ജേക്കബ്, വിവിധ വിഭാഗം മേധാവികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ആർ. രശ്മി, ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. വി.എസ്. അനിത എന്നിവർ മത്സരത്തിന്റെ കോ-ഓർഡിനേറ്റർമാരായിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews Quiz Competition