കൊല്ലം : ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതി ഭാഗമായി 94 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തിയതായി ജില്ലാ വികസന സമിതിയില്‍ അറിയിച്ചു. 344 ബോധവല്കരണ ക്ലാസുകളും നടത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ നിലയില്‍ പൂര്‍ത്തിയാക്കുന്നതിന് അധ്യക്ഷയായ കളക്ടര്‍ ആനി ജൂല തോമസ് നിര്‍ദേശം നല്കി. ലഭ്യമായ സാമ്പത്തികസ്രോതസുകള്‍ പ്രയോജനപ്പെടുത്തി വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കണമെന്നു യോഗത്തില്‍ പൊതുനിര്‍ദേശം ഉയര്‍ന്നു.
മരാമത്ത് പണികളുമായി ബന്ധപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കണം. വിവിധ സ്കൂളുകളിലെ അറ്റകുറ്റപണികള്‍ക്കായി ജില്ലാ പഞ്ചായത്ത് പണം അനുവദിക്കും. സ്കൂളുകളുടെ പട്ടികയും പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റും ലഭ്യമാക്കണം.
ജില്ലാ ആശുപത്രി പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന മണ്ണ് മാറ്റും. കടയ്ക്കല്‍ താലൂക്ക് ആശുപത്രി വികസനത്തിന് കൂടുതല്‍ ഭൂമി ലഭ്യമാക്കും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ താത്കാലിക ഡോക്ടര്‍മാരെ നിയമിക്കണം. പാരിപ്പള്ളി മെഡിക്കല്‍ കോളജിന്റെ തുടര്‍ വികസനത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനും തീരുമാനിച്ചു.
പാരിപ്പള്ളി കടമ്പാട്ടുകോണത്ത് ആരംഭിക്കുന്ന കൊല്ലം ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണം. വിവിധ വികസന പ്രവര്‍ത്തികളുടെ ഭൂമിസംബന്ധമായ പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജിയോളജി വകുപ്പ് നടപടി സ്വീകരിക്കണം. കല്ലട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട തടയണകള്‍, ഡാമുകള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി നടത്തണം.
മേവറം-കൊല്ലം ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ സത്വരനടപടി സ്വീകരിക്കണം. കെഎസ്ആര്‍ടിസി രാത്രികാല യാത്രകളില്‍ കൊട്ടിയം-ചാത്തന്നൂര്‍ മേഖലകളില്‍ സര്‍വീസ് റോഡുകളില്‍ നിര്‍ത്തുന്നില്ല എന്ന പരാതിക്ക് അടിയന്തര പരിഹാരം കാണണം. പോളയത്തോട് റെയില്‍വേ മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ക്കായി താല്കാലിക സംവിധാനം ഏര്‍പ്പെടുത്തണം.
പന്മന പഞ്ചായത്തിലെ ചിറ്റത്തൂര്‍ വാര്‍ഡില്‍ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണം. വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ പരിഹരിക്കാന്‍ ഊര്‍ജിത നടപടിയാണ് ആവശ്യം. ഓണത്തിന് മുന്നോടിയായി ഭക്ഷ്യസുരക്ഷാ വിഭാഗം മിന്നല്‍ പരിശോധനകള്‍ നടത്തണം.
വഴിയോരകച്ചവട കേന്ദ്രങ്ങളെ നിയന്ത്രിക്കണം. വാടിയിലെ മാലിന്യ നിര്‍മാര്‍ജനത്തിന് കോര്പറേഷന് താല്കാലിക സംവിധാനം ഏര്‍പ്പെടുത്തി. അമ്പലംകുന്ന്-പൊരിയക്കോട് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കും.
കൊല്ലം വടക്കുംഭാഗം ലിങ്ക് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും.
ചാത്തന്നൂര്‍ മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. തെരുവ് നായ പ്രശ്നം പരിഹരിക്കാന്‍ ഒരുക്കിയ ഡോഗ് ഷെല്‍ട്ടര്‍ പദ്ധതി കോര്പറേഷന്-പഞ്ചായത്ത് അധികൃതരുടെ പിന്തുണയോടെ താഴെതട്ടുകളിലേക്ക് വ്യാപിപ്പിക്കും.കൊട്ടാരക്കര-പാരിപ്പള്ളി മെഡിക്കല്‍ കോളജ് റൂട്ടില്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.
ദേശീയപാതയിലെ താത്കാലിക റോഡുകള്‍ നവീകരിച്ചു. കുന്നത്തൂര്‍-കരുനാഗപ്പള്ളി പാതയില്‍ ജലജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് എടുത്ത കുഴികള്‍ അടച്ചു. പത്തനാപുരം-പുന്നല,പത്തനാപുരം-ഏനാത്ത് റോഡുകളുടെ നവീകരണം ആരംഭിച്ചു.
എംഎല്‍എമാരായ എം.എം. നസീര്‍, വിഷ്ണുമോഹന്, കെ.എന്‍. ബാലഗോപാല്‍, മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി ബി. തൃദീപ്കുമാര്‍, മന്ത്രി പി.സി. വിഷ്ണുനാഥിന്റെ പ്രതിനിധി കെ. ബാബുരാജന്, എന്‍.കെ പ്രേമചന്ദ്രന് എംപിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ഏബ്രഹാം സാമുവല്‍, കെ.സി വേണുഗോപാല്‍ എംപിയുടെ പ്രതിനിധി എം. ഇബ്രാഹിംകുട്ടി, ബി.ബി. ഗോപകുമാര്‍ എംഎല്‍എയുടെ പ്രതിനിധി എസ്.വി. അനിത് കുമാര്‍, സി.ആര്. മഹേഷ് എംഎല്‍എയുടെ പ്രതിനിധി നജീബ് മണ്ണേല്‍, ജ്യോതികുമാര്‍ ചാമക്കാല എംഎല്‍എയുടെ പ്രതിനിധി എം. ഷാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : NattuVishasham DistrictNews