എടത്തിരുത്തി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പുംചേർന്ന് ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ തുടങ്ങിയവയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ നിന്ന്.
കയ്പമംഗലം: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പരിധിയിലെ ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവ കേന്ദ്രീകരിച്ച് എടത്തിരുത്തി ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും പ്രത്യേക പരിശോധന നടത്തി.
രണ്ട് ദിവസംമുൻപ് നടത്തിയ പരിശോധനയിൽ ഹെൽത്ത്കാർഡ് ഇല്ലാതിരുന്ന ഒരു സലൂണിൽ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശിയായ തൊഴിലാളി ഹെൽത്ത് കാർഡിന് വേണ്ടിയുള്ള രക്തപരിശോധനയിൽ ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പഞ്ചായത്തിലെ സമാന സ്ഥാപനങ്ങളിലെല്ലാം വ്യാപക പരിശോധന നടത്തിയത്.
പരിശോധനയിൽ നിരവധി ഗുരുതരമായ ആരോഗ്യ-ശുചിത്വ വീഴ്ചകൾ കണ്ടെത്തി. മതിയായ ആരോഗ്യ ശുചിത്വ സംവിധാനങ്ങൾ ഇല്ലാതെയാണ് പല സ്ഥാപനങ്ങളും പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പുകയില നിയന്ത്രണ നിയമം പ്രകാരമുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നില്ല. ജീവനക്കാർ നിർബന്ധമായും കൈവശം വയ്ക്കേണ്ട ഹെൽത്ത് കാർഡുകൾ എടുത്തിരുന്നില്ല. സലൂണുകളിൽ നിന്നുള്ള മുടി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അംഗീകൃത ഏജൻസികൾക്ക് കൈമാറുന്നതിലും വീഴ്ച കണ്ടെത്തി. ചില സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ കോസ്മെറ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായും പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതായും കണ്ടെത്തി.
ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള ഗുരുതര പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക് ആരോഗ്യ ശുചിത്വ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്ത് പഞ്ചായത്ത് സെക്രട്ടറിക്ക് ആരോഗ്യവകുപ്പ് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പ്രാദേശിക പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ.ആർ. രാഗി അറിയിച്ചു. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സി.ബിഞ്ചു ജേക്കബ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എം. ലിനി, എ.എസ്. രബിത, കെ.എസ്. ആനന്ദ്, ഗ്രാമപഞ്ചായത്ത് ഓഫീസ് ക്ലർക്ക് രാഹുൽ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews