പ്രതീകാത്മക ചിത്രം
മുതലമട: തെരുവുനായയുടെ കടിയേറ്റ് സാരമായ പരിക്കേറ്റ ബാലികയ്ക്ക് മുതലമട കുടുംബാരോഗ്യ കേന്ദ്രത്തിൽ സമയോചിത ചികിത്സ നൽകിയില്ലെന്നു പരാതി.
പുളിയന്തോണി സ്വദേശിനിയായ ഏഴുവയസുകാരിക്കാണ് തിങ്കളാഴ്ച വൈകുന്നേരം നായയുടെ കടിയേറ്റത്. ഇടതു തുടയുടെ ഭാഗത്താണ് കടിയേറ്റത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ കാണിക്കുകയായിരുന്നു. മുറിവുണ്ടായ ഭാഗത്ത് മരുന്ന് വച്ചുകെട്ടി തിരിച്ചു വിടുകയാണുണ്ടായതെന്നു മാതാപിതാക്കൾ ആരോപിച്ചു.
ചൊവ്വാഴ്ച രാവിലെ വീണ്ടും ആരോഗ്യകേന്ദ്രത്തിലെത്തിച്ചപ്പോൾ നഴ്സുമാർ നിർദേശിച്ചതിനെ തുടർന്ന് കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ്പ് നൽകുകയായിരുന്നു. ആരോഗ്യകേന്ദ്രം ഡോക്ടർക്കെതിരേ പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.