ഇല്ലിക്കല്‍ മദ്റസയില്‍ പൊലിസ് പരിശോധനയ്ക്കെത്തിയപ്പോള്‍.
തേഞ്ഞിപ്പലം: പള്ളിക്കല്‍ കോഴിപ്പുറം മഹല്ല് പരിധിയിലെ ഇല്ലിക്കല്‍ നുസ്റത്തുല്‍ ഇസ്ലാം മദ്റസയിലെ മോഷണക്കേസില്‍ തേഞ്ഞിപ്പലം പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്ച മദ്റസ ഓഫിസ് റൂം തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടന്‍ തന്നെ മദ്റസ സെക്രട്ടറി തേഞ്ഞിപ്പലം പൊലിസില്‍ പരാതി നല്‍കിയിരുന്നു. തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷന് ഉദ്യോഗസ്ഥരുടെ കുറവ് കാരണം പരാതി നല്കി മൂന്നാമത്തെ ദിവസമാണ് അന്വേഷണ നടപടികള്‍ തുടങ്ങിയത്.
ഓഫിസ് റൂമിനകത്തെ അലമാരയുടെ വലിപ്പിന്റെ ലോക്ക് തകര്‍ത്ത മോഷടാവ് പതിനായിരത്തോളം രൂപയാണ് കവര്‍ന്നത്. എന്നാല്‍ അതേ വലിപ്പില്‍ തന്നെ മറ്റൊരു കവറിലുണ്ടായിരുന്ന മൂവായിരത്തോളം രൂപ മോഷണം പോയിട്ടില്ലന്നെും അധ്യാപകന് പറഞ്ഞു. തേഞ്ഞിപ്പലം എസ്ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് മദ്റസയിലെത്തി വിശദമായ പരിശോധന നടത്തുകയും അധ്യാപകരില്‍ നിന്നും കമ്മിറ്റി ഭാരവാഹികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
മദ്റസയുടെ സമീപത്ത് തന്നെ രഹസ്യമായി വയ്ക്കുന്ന താക്കോല്‍ ഉപയോഗിച്ച് അകത്ത് കടന്ന മോഷ്ടാവ് മദ്റസക്ക് അകത്തെ ഇടചുമരിന്റെ മുകളില്‍ കൂടി ഓഫിസിലേക്ക് പ്രവേശിച്ചതാകാമെന്നാണ് നിഗമനം. ഇടചുമരിന്റെ മുകള്‍ ഭാഗത്ത് മോഷ്ടാവിന്റേതെന്ന് കരുതുന്ന വിരലടയാളങ്ങള്‍ പതിഞ്ഞിട്ടുണ്ട്.