ചേർപ്പ് ചന്ത
ോചേർപ്പ്: ചന്ത നവീകരണത്തിന്റെ പേരിൽ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേർപ്പ് യൂണിറ്റ് രംഗത്ത്. ചന്തയിലെ വ്യാപാരികളുടെ അഭിപ്രായംപോലും തേടാതെയുള്ള നടപടികൾ അംഗീകരിക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
കാലങ്ങളായി വ്യാപാരികളും നാട്ടുകാരും പ്രതീക്ഷിക്കുന്നതാണ് ചേർപ്പ് ചന്തയുടെ നവീകരണം. പഞ്ചായത്തുമായി വർഷംതോറും വാടകക്കരാർ പുതുക്കി, വാടകയടച്ച് ഇവിടെ കച്ചവടം നടത്തുന്ന 25ഓളം വ്യാപാരികൾക്കും നൂറോളം തൊഴിലാളി കുടുംബങ്ങൾക്കും നാലുപതിറ്റാണ്ടിലേറെയായി ചന്തയുമായി ബന്ധമുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാറിമാറിവന്ന പഞ്ചായത്ത് ഭരണസമിതികൾ ചന്ത നവീകരണത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
പുതിയ ഭരണസമിതിയിൽ പ്രതീക്ഷ പുലർത്തിയിരുന്ന വ്യാപാരികൾക്ക്, 15 ദിവസത്തിനകം കടകൾ ഒഴിപ്പിക്കാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നൽകിയതോടെയാണ് നിലവിലെ നടപടികളെക്കുറിച്ച് ആശങ്കയുണ്ടായത്. പെട്ടെന്ന് കച്ചവടം അവസാനിപ്പിച്ച് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെടുമ്പോൾ താത്കാലിക കച്ചവടസൗകര്യമോ, നവീകരിച്ച ചന്തയിൽ തുടർന്നും കച്ചവടം നടത്താനുള്ള ഉറപ്പോ നൽകാത്തത് വ്യാപാരികളെ പ്രതിസന്ധിയിലാക്കും.
പദ്ധതിയുടെ വിശദാംശങ്ങൾ, പൂർത്തീകരണ കാലാവധി, വ്യാപാരികളുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ വ്യാപാരികളുമായോ അവരെ പ്രതിനിധീകരിക്കുന്ന സംഘടനകളുമായോ പഞ്ചായത്ത് ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അവർ ആരോപിച്ചു.
പദ്ധതി പൂർത്തിയായ ശേഷം നിലവിലെ വ്യാപാരികൾക്ക് അർഹമായ രീതിയിൽ കച്ചവട സൗകര്യം ഉറപ്പാക്കാതെ പഞ്ചായത്ത് മുന്നോട്ടുപോകുന്നപക്ഷം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേർപ്പ് യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ, ജനറൽ സെക്രട്ടറി പി. അരുൺ, ട്രഷറർ എ.ജെ. ലിജോ എന്നിവർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Cherpu Market