പ്രസംഗ മത്സരം പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം "യുവശബ്ദം 2026' എന്ന പേരില്‍ നടത്തി. മലപ്പുറം ഗവണ്മെന്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികള്‍ ലഹരി വസ്തുക്കളുടെ പിടിയില്‍ അകപ്പെടാതെ അവരെ സാമൂഹിക ഉത്തരവാദിത്വമുള്ള പൗരന്മാരായി വളര്‍ത്തുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ ജിജു ജോസ് മുഖ്യസന്ദേശം കൈമാറി.
കേരള എക്സൈസ് സ്റ്റാഫ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് റെജി തോമസ്, മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് റാവു , പെരിന്തല്‍മണ്ണ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. അബ്ദുള്‍ അഷ്റഫ്, എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ കെ.പി. സാജിദ്, വിമുക്തി മിഷന് ജില്ലാ കോ-ഓർഡിനേറ്റര്‍ പി. ഷിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രസംഗമത്സരം: ആദില ഷെറിന് ഒന്നാം സ്ഥാനം
മലപ്പുറം: ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പ്രസംഗമത്സരത്തില്‍ മഞ്ചേരി യൂണിറ്റി വുമണ്‍സ് കോളജിലെ ആദില ഷെറിന് ഒന്നാം സ്ഥാനം. തവനൂര്‍ ഗവണ്മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പി.വി. മുഹമ്മദ് സാബിറിനാണ് രണ്ടാം സ്ഥാനം.
മലപ്പുറം ഗവണ്മെന്റ് കോളജിലെ പി. സജീഹ, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജിലെ ഹനിന് മുഹമ്മദ് ഷെരീഫ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നല്കി.