കരുമാലൂർ: കൂട്ടുകാരിയുടെ വീട്ടിൽനിന്ന് പുസ്തകം വാങ്ങാനായി വീട്ടിൽ നിന്ന് ഇറങ്ങിയ 12കാരിയെ കാണാതായി. കരുമാലൂർ പുറപ്പിള്ളിക്കാവ് സ്വദേശിയായ കുട്ടിയെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. കുട്ടിക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടിലുണ്ടായിരുന്ന കുട്ടി പിന്നീട് സമീപത്തെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാനായി പോയിരുന്നു.
കുട്ടി വീട്ടിലെത്തി പുസ്തകം വാങ്ങിയതായി കൂട്ടുകാരി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്. ഫോൺ ലൊക്കേഷൻ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയെ തുടർന്ന് ആലുവ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഇതുവരെ നിർണായക വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഉടൻ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews missing