പ്രതീകാത്മക ചിത്രം
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ഇരുപത്തിയൊന്ന് ദിവസം പ്രായമായ കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. ഭൂമിയാംകുളം തുണ്ടത്തിൽ സോബിൻ സണ്ണിയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയത്.
കഴിഞ്ഞ 26ന് ജലദോഷവും കഴുത്തിൽ ചുവന്ന പാടും ഉണ്ടായതിനെത്തുടർന്നാണ് സോബിനും ഭാര്യ ആഷ്നയും കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. ഡോക്ടർ പരിശോധിച്ച് മരുന്ന് കുറിച്ചുനൽകി. ഫാർമസിയിയിൽനിന്ന് ജലദോഷത്തിനുള്ള മരുന്ന് മാത്രമേ കുഞ്ഞിന് അന്ന് ഇവർ കഴിക്കാൻ കൊടുത്തുള്ളു. ഒരു ദിവസത്തിനു ശേഷം കഴുത്തിൽ പുരട്ടാൻ കൊടുത്ത ഓയിന്റ്മെന്റ് എടുത്തുനോക്കിയപ്പോഴാണ് ജൂണിൽ കാലാവധി കഴിഞ്ഞതാണെന്ന് തിരിച്ചറിഞ്ഞത്.
സോബിൻ ഉടൻതന്നെ ആശുപത്രി സൂപ്രണ്ടിന് പരാതി എഴുതി നൽകുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്താമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ജീവനക്കാരുടെ നിരുത്തരവാദപരമായ നടപടി ആവർത്തിക്കപ്പെടാതിരിക്കാനാണ് പരാതിയുമായി സൂപ്രണ്ടിനെ സമീപിച്ചതെന്നു സോബിൻ പറഞ്ഞു.