നികത്താനാകാത്ത നഷ്ടം: മുഖ്യമന്ത്രി
തൃശൂർ: ജില്ലയിലെ പാർട്ടിയുടെ ശക്തിയും കരുത്തുറ്റ നേതൃത്വവുമായിരുന്നു പി.എ. മാധവൻ എന്ന മാധവേട്ടനെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി മാധവേട്ടൻ മുൻനിരയിലുണ്ടായിരുന്നു. ഡിസിസി അധ്യക്ഷനായും മണലൂർ മണ്ഡലത്തിലെ ജനപ്രതിനിധിയായും ശ്രദ്ധേയമായ പ്രവർത്തനമാണ് അദ്ദേഹം നടത്തിയത്. മാധവേട്ടന്റെ വിയോഗം കോണ്‍ഗ്രസ് കുടുംബത്തിനു നികത്താനാകാത്ത നഷ്ടമാണെന്നും അനുശോചനസന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു
മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.എ. മാധവന്റെ നിര്യാണത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനുശോചിച്ചു.
പാർട്ടിക്കു വിലപ്പെട്ട സംഭാവനകൾ നൽകിയ നേതാവ്: സണ്ണി ജോസഫ്
ദീർഘകാലം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും പാർട്ടിയുടെ സംഘടനാപ്രവർത്തനങ്ങൾക്കും വിലപ്പെട്ട സംഭാവനകൾ നൽകിയ നേതാവായിരുന്നു പി.എ. മാധവനെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പൊതുജീവിതത്തിലെ സൗമ്യതയിലൂടെയും ജനകീയ ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ അദ്ദേഹം പ്രവർത്തകരുടെ പ്രിയങ്കരനായിരുന്നു. പി.എ. മാധവൻറെ വേർപാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു തീരാനഷ്ടമാണ്.
സാധാരണക്കാരോട് ആത്മബന്ധമുള്ള നേതാവ്:
കെ.സി. വേണുഗോപാൽ
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും സംഘടനയെ ചലനാത്മകമാക്കാനും പി.എ. മാധവൻ നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നു കെ.സി. വേണുഗോപാൽ. സഹപ്രവർത്തകരോടും സാധാരണപ്രവർത്തകരോടും ഒരുപോലെ ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് കോണ്‍ഗ്രസിനു തീരാനഷ്ടമാണ്.
പ്രതിസന്ധികാലത്തും പാർട്ടിയെ നയിച്ച
നേതാവ്: ജോസഫ് ടാജറ്റ്
പ്രതിസന്ധികാലത്തും കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും വളർച്ചയ്ക്കും മുന്നേറ്റത്തിനും കരുത്തോടെ നയിച്ച നേതാവിനെയാണു പി.എ. മാധവന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടതെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വേർപാടിൽ അനുശോചിച്ച് പാർട്ടിയുടെ ജില്ലയിലെ മൂന്നുദിവസത്തെ ഒൗദ്യോഗിക പരിപാടികൾ റദ്ദാക്കി ദുഃഖാചരണം നടത്തുമെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു.
പാർട്ടിക്കു ദിശാബോധം പകർന്ന നേതാവ്:
മന്ത്രി ഒ.ജെ. ജനീഷ്
ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിനു ദിശാബോധം പകർന്ന പഴയ തലമുറയിലെ കരുത്തുറ്റ നേതാവായിരുന്നു പി.എ. മാധവനെന്നു മന്ത്രി ഒ.ജെ. ജനീഷ്. വിദ്യാർഥിസംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടു തൃശൂർ നഗരത്തിൽ എത്തിയ നാൾമുതൽ അദ്ദേഹം നൽകിയ പിന്തുണ ഏറെ ബഹുമാനത്തോടെ ഓർക്കുന്നു.
മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകൻ:
മന്ത്രി ടി. സിദ്ദിഖ്
കോണ്‍ഗ്രസിന്റെ ആശയ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച് ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ച മനുഷ്യസ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു പി.എ. മാധവനെന്നു മന്ത്രി ടി. സിദ്ദിഖ്. ഏറ്റെടുത്ത സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ ആത്മാർഥതയോടെയും നീതിപൂർവമായും നിർവഹിച്ചു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ജീവനാഡി: വി.എം. സുധീരൻ
കഠിനാധ്വാനിയായ പി.എ. മാധവൻ ചെന്നെത്താത്ത ഒറ്റ സ്ഥലംപോലും ജില്ലയിലുണ്ടായിരുന്നില്ലെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരൻ. സർവതലത്തിലുള്ള കോണ്‍ഗ്രസ് പ്രവർത്തകരുടെയും നേതാക്കളുടെയും സ്നേഹാദരങ്ങൾ ആർജിച്ച മാധവൻ ജല്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ജീവനാഡിയായിരുന്നു.
അനുശോചിച്ചു
തൃശൂർ: മുൻ എംഎൽഎ പി.എ. മാധവന്റെ നിര്യാണത്തിൽ സംസ്ഥാന മുന്നാക്കക്ഷേമ കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ അനുശോചിച്ചു.
Tags : Nattuvishesham District news