സി.അജയ പ്രസാദ് എംഎൽഎ യുടെ നേതൃത്വത്തിൽ അമ്പലക്കടവിൽ പണിയുന്ന പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു.
കുളത്തൂപ്പുഴ: തകര്‍ന്ന് കുണ്ടും കുഴിയും നിറഞ്ഞ് തരിപ്പണമായി കിടക്കുന്ന അമ്പലക്കടവ് പാലം കടക്കാന്‍ യാത്രക്കാര്‍ ചെളിവെളളത്തില്‍ തപ്പിതടഞ്ഞ് ദുരിതത്തിലായിട്ടും പുതിയപാലം നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു. നിർമാണം വേഗത്തിലാക്കാന്‍ മരാമത്ത് വിഭാഗം നടപടി തുടങ്ങി.
പൊതുമരാമത്തിന്റെ നേതൃത്വത്തില്‍ പാലം നിര്‍മാണത്തിന് ചുമതലവഹിക്കുന്ന കേരളാറോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തിനുളള ഉദ്യാഗസ്ഥ സംഘവും സി. അജയപ്രസാദ് എംഎല്‍എയും നിർമാണ പുരോഗതി വിലയിരുത്തി.
ആറുമാസത്തിനകം വിഷു ദിനത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎല്‍എ അറിയിച്ചു. 2025 ജൂണ്‍ നാലിന് ഉദ്ഘാടനം നടത്തി നിര്‍മാണം ആരംഭിച്ച അമ്പലക്കടവ് പാലം നിര്‍മാണത്തിന് വേഗതയില്ലാത്തത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഒരുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നിര്‍മാണം ഒച്ചിഴയും വേഗത്തിലായിരുന്നു.
വേനല്‍ക്കാലത്ത് ആറ്റിലെ നീരൊഴുക്ക് കുറഞ്ഞ് നിര്‍മാണത്തിന് അനുകൂല സാഹചര്യം നിലവിലുണ്ടായിരുന്ന സമയങ്ങളില്‍ യാതൊരു പുരോഗതിയുമില്ലായിരുന്നതാണ് ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയത്.
ഇക്കാര്യങ്ങള്‍ യോഗം ചേര്‍ന്ന് വിലയിരുത്തിയാണ് അടിയന്തര നടപടി ആരംഭിച്ചിരിക്കുന്നത്. ആറ്റിനുളളില് പൂര്‍ത്തിയാക്കാനുളള കോണ്‍ക്രീറ്റ് തൂണുകള്‍ കെട്ടി ഉയര്‍ത്തി പാലത്തിന്റെ ഇരുവശവും കെട്ടിബലപ്പെടുത്തി സമാന്തര പാതയൊരുക്കുന്നതിനും പദ്ധതിയുണ്ട്.
നിര്‍മാണവേളയില്‍ തടസമായുളള വൈദ്യുത തൂണുകളും ജലവിതരണ കുഴലുകളും മാറ്റി പുനഃസ്ഥാപിക്കുന്നതിനാവശ്യമായ എസ്റ്റിമേറ്റ് പൂര്‍ത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ആവശ്യമായ പണം അടച്ച് നടപടികള്‍ പൂര്‍ത്തിയായതായും സംഘം വിലയിരുത്തി.
നിലവിലുണ്ടാകുന്ന അനുകൂല സാഹചര്യവും കാലവാസ്ഥയും പ്രയോജനപ്പെടുത്തി നിര്‍മ്മാണം വേഗത്തിലാക്കാന്‍ കരാറുകാരനു നിര്‍ദേശം നല്‍കുകയും ചെയ്തു.
അമ്പലക്കടവ് പഴയ പാലത്തില്‍ കുണ്ടുംകുഴിയും നിറഞ്ഞ് ചാലുകള്‍ രൂപപ്പെട്ട് ചെളിവെളളകെട്ടി നില്ക്കുന്നതിനാല് ആടിയുലഞ്ഞ് ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങളുടെ യാത്ര.
ഇതോടെയാണ് കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിനു മുന്നിലെ അമ്പലക്കടവിലെ പാലത്തിനു സമാന്തരമായി പുതിയ പാലം നിര്‍മിക്കാന്‍ പദ്ധതി ഒരുങ്ങിയത്. കരാറിനു മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പുതിയ പാലം പ്രഖ്യാപിക്കുകയും 10കോടി രൂപ വകയിരുത്തുകയും ചെയ്തു. പലതവണ തവണ കരാര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തി ഏറ്റുടുക്കാന്‍ ആരും തയാറായിരുന്നില്ല. രൂപരേഖയില്‍ മാറ്റം വരുത്തി ഏഴുതവണ കരാര്‍ വിളിച്ചപ്പോള്‍ അടങ്കൽ തുകയേക്കാള്‍ 39.7 ശതമാനം രേഖപ്പെടുത്തി ഒരാള്‍ മാത്രമാണ് കരാറില്‍ ഏര്‍പ്പെട്ടത്.
ഇതോടെ ടെൻഡർ കമ്മിറ്റി സർക്കാരിന്റെ അനുമതി തേടാൻ ശിപാര്‍ശ ചെയ്യുകയും പദ്ധതി അനന്തമായി നീളുകയായിരുന്നു.
നിലവില്‍ 11.22 കോടി രൂപയുടെ ഭരണാനുമതിലഭിക്കുകയും പ്രഖ്യാപനം നടത്തി പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ആരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്.
അമ്പലക്കടവ് പുതിയ പാലത്തിന്റെ നിര്‍മാണത്തിന് തടസമായി ആറ്റില്വന്ന് അടിഞ്ഞ് കൂടിയിരിക്കുന്ന കൂറ്റന്‍ തടികള്‍ കരക്കെത്തിച്ച് നീക്കം ചെയ്യാന്‍ വനവകുപ്പ് ധാരണയായി. ഇന്നു മ ുതല്‍ നടപടി തുടങ്ങും.
ഇതോടൊപ്പം പഴയപാലത്തിന്റെ പുനുരുദ്ധാരണം പൂര്‍ത്തിയാക്കി മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി അമ്പലക്കടവ് - തെന്മല പാതയുടെ നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് 10കോടി അനുവദിച്ചതോടൊ പ്പം അമ്പലക്കടവ് പഴയപാലത്തിന് നവീകരണവും ഉടന്‍ പൂര്‍ത്തിയാക്കുന്നതെന്നും എംഎല്‍എ അറിയിച്ചു. കേരളാറോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ മഞ്ചുഷ, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയര്‍ ദീപ ഓമനക്കുട്ടന്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ പി.ആര്. നിഷ, പാലം കരാറുകാരന് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുളള സംഘമാണ് നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയത്.
Tags :