ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത വീടുകളിൽ ഒന്ന്.
കല്ലടിക്കോട്: പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. സ്ഥലമേറ്റെടുക്കൽ 95 ശതമാനത്തിലേറെ പൂർത്തിയായ പദ്ധതിയുടെ നിർമാണം ഉടൻ തുടങ്ങും. കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ കണ്ട മന്ത്രി പി.കെ. ബഷീർ ഇക്കാര്യം ശ്രദ്ധയിൽപെടുത്തി.
ചില മേഖലകളിൽ പ്രതീക്ഷിച്ച ട്രാഫിക് ഉണ്ടാകില്ലെന്നതുൾപ്പെടെ പാതയുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലെ ചില ആശങ്കകൾ കേന്ദ്രമന്ത്രി പങ്കുവച്ചു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ ധരിപ്പിച്ചു. നിർമാണം ഉടൻ തുടങ്ങാൻ ധാരണയായിട്ടുണ്ട്.
പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേ ഗ്രാമീണ മേഖലയിലൂടെയാണു കടന്നുപോകുന്നത്. 121 കിലോമീറ്റർ ദൂരമുള്ള പൂർണമായി സ്ഥലമേറ്റെടുത്ത് നിർമിക്കുന്ന ഗ്രീൻഫീൽഡ് പദ്ധതിക്ക് 8000 കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
ഭൂമിയേറ്റെടുത്തതിനു രണ്ടായിരം കോടിയിലേറെ നഷ്ടപരിഹാരവും നൽകി. കഴിഞ്ഞ വർഷം നിർമാണം തുടങ്ങുമെന്നറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വിശ്രമകേന്ദ്രങ്ങൾക്ക് ആവശ്യമായ ഭൂമിയേറ്റെടുക്കലിനു ത്രീഡി വിജ്ഞാപനം പുറപ്പെടുവിക്കുന്ന നടപടിയാണ് ഇനി നടക്കാനുള്ളത്.
ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് ദേശീയപാത അഥോറിറ്റി ടെൻഡർ നൽകണം. അതിനു മുന്നോടിയായി കെട്ടിടങ്ങളുടെ ലിസ്റ്റിംഗ് എടുക്കുന്ന നടപടിയാണു പുരോഗമിക്കുന്നത്. ഇതു ദേശീയപാത അഥോറിറ്റിക്കു കൈമാറിയാൽ കെട്ടിടം പൊളിക്കാനുള്ള ടെൻഡർ വിളിക്കും. പാതയുടെ ഒരു ഭാഗത്ത് പ്രതീക്ഷിച്ച ട്രാഫിക് ഉണ്ടാകില്ലെന്ന പഠന റിപ്പോർട്ട് കേന്ദ്രത്തിനു ലഭിച്ചതും നിർമാണം വൈകാൻ കാരണമായിട്ടുണ്ടെന്നാണു സൂചന. ഇതിൽ ആശങ്കയ്ക്കു വകയില്ലെന്ന് കേരളം അറിയിച്ചതോടെ നടപടികൾ വേഗത്തിലാക്കാൻ ധാരണയായത്.
സേലം -കൊച്ചി എൻഎച്ച് 544, എൻഎച്ച് 6 എന്നീ ഹൈവേകളുമായി പുതിയ ഗ്രീൻഫീൽഡ് പാതയ്ക്ക് ബന്ധമുണ്ടായിരിക്കും. ഇതുകൂടാതെ 8 സംസ്ഥാനപാതകളുമായും 5 മേജർ റോഡുകളുമായും 11 ബസ് സ്റ്റാൻഡുകളുമായും കോഴിക്കോട് -പാലക്കാട് ദേശീയപാത കണക്ട് ചെയ്യും. കോഴിക്കോട്, തുവ്വൂർ, പാലക്കാട് എന്നീ റെയിൽവേ സ്റ്റേഷനുകൾക്കരികിലൂടെയും ഈ പാത നീങ്ങുന്നു. ഡിപിആറിൽ പറയുന്ന വിവരങ്ങൾ പ്രകാരം ഭാഗികമായി പ്രവേശന നിയന്ത്രണമുള്ള ഹൈവേയായിരിക്കും പാലക്കാട് -കോഴിക്കോട് ഹൈവേ. ഇത് എങ്ങനെയാണ് നടപ്പാക്കുക എന്നത് വ്യക്തമല്ല.
പാലക്കാട് മുതൽ കോഴിക്കോട് വരെയുള്ള യാത്രാസമയം 4 മണിക്കൂറിൽ നിന്നും 2 മണിക്കൂറായി കുറയും. കൂടാതെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, കിൻഫ്ര വ്യവസായിക പാർക്കുകൾ എന്നിവയിലേക്ക് മികച്ച കണക്ടിവിറ്റിയും ഉണ്ടാകും. സ്ഥലമേറ്റെടുപ്പ് 95 ശതമാനവും പൂർത്തിയായി. ഗ്രീൻ ഫീൽഡ് ഹൈവേയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങളും വീടുകളും കാടു കയറി നശിക്കാനും തുടങ്ങിയിട്ടുണ്ട്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും കാരണം ആളുകൾക്ക് ഇറങ്ങി നടക്കാൻ പോലും കഴിയുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്