സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം മേയർക്കെതിരെ എൽഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചതിനെതുടർന്ന് എൽഡിഎഫ് കൗൺസിലർ
തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം കോര്പറേഷന് മേയര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിനിടെ മേയര്‍ വി.വി.രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മേയര്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഓഫീസ് ഉപരോധിച്ചതോടെയാണ് ഇന്നലെ രാവിലെ 11ഓടെ നഗരസഭ ആസ്ഥാനം യുദ്ധക്കളമായി മാറിയത്. ഉപരോധത്തിനിടെ മേയര്‍ ഓഫീസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു. ഉന്തിലും തള്ളിലും മേയര്‍ വി.വി.രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ നിലത്തുവീണു. തുടര്‍ന്ന് മേയറുടെ ചേംബറിനു മുന്നില്‍ സിപിഎംബിജെപി കൗണ്‍സിലര്‍മാര്‍ നേരിട്ട് ഏറ്റുമുട്ടി. എല്‍ഡിഎഫ് ഉപരോധത്തെ തുടര്‍ന്ന് രാജേഷിനെ ഓഫീസിനുള്ളിലേക്ക് കയറാന്‍ സമരക്കാര്‍ സമ്മതിച്ചില്ല.
മേയറെ ഓഫീസിലേക്ക് കയറ്റില്ലെന്നു പറയാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് മേയര്‍ വി.വി. രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും മേയര്‍ പറഞ്ഞു. പിന്നീട് പോലീസ് സുരക്ഷയോടെയാണ് മേയര്‍ വി.വി. രാജേഷ് കോര്പറേഷന് ഓഫീസില്‍നിന്നു പുറത്തേക്കു പോയത്. നഗരസഭയ്ക്ക് അകത്തുണ്ടായ സംഘര്‍ഷത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം കൗണ്‍സിലര്‍ കാട്ടായിക്കോണം സിന്ധു ശശി, ബിജെപി കൗണ്‍സിലര്‍ ദീപ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതാണ് പിന്നീട് പുറത്ത് കൂടുതല്‍ ശക്തമായ സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചത്.
പരിക്കേറ്റ മേയറെയും മറ്റ് കൗണ്‍സിലര്‍മാരെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷത്തിനിടയിലൂടെ മേയര്‍ പുറത്തുവന്ന് കാറില്‍ കയറിയ സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ മേയര്‍ക്കെതിരെ കൂക്കിവിളിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. നഗരസഭാ പരിസരത്ത് രാത്രിയും കനത്ത പോലീസ് കാവല്‍ തുടരുകയാണ്. ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്നു സ്ഥലത്തെത്തിയ കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി ആരോപിച്ചു.
അതേസമയം ബിജെപി കൗണ്‍സിലര്‍മാരുടെ പുനര്‍സത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. കഴിഞ്ഞദിവസമാണ് മറ്റു ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നത്. സത്യപ്രതിജ്ഞ റദ്ദാക്കിയ കൗണ്‍സിലര്‍മാരുടെ കൂട്ടത്തില്‍ കാപ്പ കേസ് പ്രതിയായ ആര്. സുഗതനുമുണ്ട്. ഇവര്‍ നാലാഴ്ചയ്ക്കുള്ളില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി ഉത്തരവ്. ഉത്തരവ് പുറത്തുവന്ന ബുധന്‍ വൈകുന്നേരം തന്നെ ആരെയും അറിയിക്കാതെ മേയറും ബിജെപി അംഗങ്ങളും ചേര്‍ന്ന് രഹസ്യമായി സുഗതനൊഴികെ 19 പേരുടെ സത്യപ്രതിജ്ഞ നടത്തിയെന്നാണ് ആരോപണം.
രാജീവ് ചന്ദ്രശേഖർ സിപിഎമ്മിനെ ഭീഷണിപ്പെടുത്തേണ്ട: വി. ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ ഭീഷണി സിപിഎമ്മിനു നേരെ വേണ്ടെന്ന് മുൻമന്ത്രി വി. ശിവൻകുട്ടി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഉപദേശം കൊടുക്കാൻ പറ്റുന്ന രാഷ്ട്രീയ പാരമ്പര്യമില്ലാത്ത വ്യക്തിയാണു രാജീവ് ചന്ദ്രശേഖർ. സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ, ബിജെപിക്കുവേണ്ടി സംസാരിക്കുമ്പോൾ അതു മാന്യമായ ഭാഷയിൽ ആയിരിക്കണം.
തലസ്ഥാനത്തെ ബിജെപി ഗുണ്ടകളുടെ സംരക്ഷകനായി രാജീവ് ചന്ദ്രശേഖർ മാറി. കാപ്പാക്കേസിൽ ജയിലിലായ വാഴോട്ടുകോണത്തെ ബിജെപി കൗൺസിലർ സുഗതനെ സംരക്ഷിക്കുമെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം ഇതാ ണു തെളിയിക്കുന്നതെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി.
സിപിഐ എമ്മിനെ ആക്രമിച്ചാൽ നിയമപരമായും ജനാധിപത്യപരമായും നേരിടും. ബിജെപിയുടെ ഡെപ്യൂട്ടി മേയർ ഉൾപ്പെടെയുള്ള 20 കൗൺസിലർമാർക്ക് ഹൈക്കോടതിയിൽനിന്ന് ലഭിച്ച കനത്ത പ്രഹരത്തിന്റെ അടിസ്ഥാനത്തിൽ, ഇവരോട് രാജി വയ്ക്കാനാണു രാജീവ് ചന്ദ്രശേഖർ ഉപദേശിക്കേണ്ടത്.
കഴിഞ്ഞ അഞ്ച് വർഷം ബിജെപിയുടെ നേതൃത്വത്തിൽ വിവിധ സമര പരിപാടികൾ കോർപറേഷനിൽ അരങ്ങേറിയിരുന്നു. അന്നൊന്നും ഇതിനെതിരേ യാതൊരു പ്രകോപനമോ അസഹിഷ് ണുതയോ എൽഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും വി . ശിവൻകുട്ടി പറഞ്ഞു.