പ്രദീപനും ഭാര്യ ബീനയും പൂച്ചകൾക്കൊപ്പം
പ്രദീപന്റെയും ബീനയുടെയും വീട്ടിലുള്ളത് 24 ഓമനപൂച്ചകൾ ..
മട്ടന്നൂർ: സാധാരണ വീടുകളിൽ അരുമയായി ഒന്നോ രണ്ടോ പൂച്ചകളെയാണ് വളർത്താറെങ്കിൽ ചാവശേരി കട്ടേങ്കണ്ടത്തിലെ കൂലോത്തുംകണ്ടി വീട്ടിലെത്തിയാൽ സന്ദർശകരുടെ കണ്ണുതള്ളും. കാരണം വീട്ടുകാരുടെ അരുമകളായി വീടിനകത്ത് കഴിയുന്നത് ഒന്നും രണ്ടും പൂച്ചകളല്ല. ചെറുതും വലുതുമായ പൂച്ചകളുടെ എണ്ണം 24 ലെത്തും !!
പത്തുവർഷം മുന്പ് പ്രദീപന്റെ വീട്ടിലെത്തിയ പൂച്ചകളുടെ പിൻമുറക്കാരാണ് ഇപ്പോൾ വീടനകം നിറയെ അരുമകളായി വിലസുന്നത്. പ്രദീപന്റെ വീടിനു സമീപം താമസിച്ചിരുന്ന മോഹനൻ എന്നയാൾ വളർത്തിയ പൂച്ചയാണ് ആദ്യഅതിഥിയായെത്തിയത്. മോഹനൻ വീടുമാറി പോയപ്പോൾ പൂച്ച തനിച്ചായി. ഇത് പിന്നീട് പ്രദീപന്റെ വീട്ടിലെത്തുകയായിരുന്നു. നേരത്തെ വീട്ടിൽ 27 പൂച്ചകളുണ്ടായിരുന്നു. മൂന്നെണ്ണത്തിനെ തെരുവുനായയ്ക്കോൾ കടിച്ചു കൊന്നതോടെ ബാക്കിയുള്ളവരെ പ്രദീപനും ബീനയും വീടിന് പുറത്തിറക്കി വിടാറില്ല. വീടിനുളിൽ കിടക്കയിലും നിലത്ത് തുണി വിരിച്ചുമാണ് പൂച്ചകളെ ദന്പതികൾ കിടത്തിയുറക്കുന്നത്.
രാവിലെ ബീന പ്രഭാതഭക്ഷണം തയാറാക്കാൻ തുടങ്ങുന്പോൾ തന്നെ പൂച്ചകളെല്ലാം ഉറക്കമുണർന്ന അടുക്കളയിൽ തന്പടിക്കും. വീട്ടിലുണ്ടാക്കുന്ന എന്തു പ്രഭാതഭക്ഷണമായാലും വൈമനസ്യമൊന്നും കാണിക്കാതെ എല്ലാവരും ആസ്വദിച്ചു കഴിക്കുമെന്ന് ബീന പറഞ്ഞു. ഉച്ചയ്ക്ക് ചോറാണ് നൽകുക. ചോറിനൊപ്പം മീനുണ്ടായാലും ഇല്ലെങ്കിലും ഇവർക്ക് ഒരു പ്രശ്നവുമില്ല. ചില ദിവസങ്ങളിൽ സ്പെഷൽ വിഭവമായി ചോറും മീനും മുട്ട വരട്ടിയും നൽകും. മക്കളില്ലാത്ത ഞങ്ങൾക്ക് പൂച്ചകൾ മക്കളെ പോലെയാണെന്നാണ് പ്രദീപനും ബീനയും പറയുന്നത്.
Tags : Nattuvishesham Local News cats