കൊമ്പാടിയില്‍ വീട്ടുമുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സീറ്റുകള്‍ തെരുവുനായ കടിച്ചുകീറിയ നിലയില്‍.
തിരുവല്ല: കൊമ്പാടിയില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയക്കു നേരേ തെരുവുനായയുടെ ആക്രമണം. കൊമ്പാടി സ്വദേശി റെജിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയ്ക്കാണ് നായയുടെ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചത്.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഓടുന്ന ഓട്ടോറിക്ഷ ഓട്ടം കഴിഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം വീടിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഇന്നലെ പുലര്‍ച്ചെ വാഹനം പരിശോധിച്ചപ്പോഴാണ് നായയുടെ ആക്രമണത്തില്‍ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടത്. ഓട്ടോറിക്ഷയുടെ സീറ്റ് പൂര്‍ണമായും കടിച്ചുകീറി. വാഹനങ്ങള്‍ക്ക് ചുറ്റും വിവിധ ഭാഗങ്ങളില്‍ നായ കടിച്ചും മാന്തിയും കേടുപാടുകള്‍ വരുത്തി. സംഭവത്തില്‍ ഏകദേശം 30,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി റെജി പറഞ്ഞു.
കൊമ്പാടി പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. പകല്‍സമയത്തും രാത്രിയിലും കൂട്ടമായി തെരുവുനായ്ക്കള്‍ അലഞ്ഞുതിരിയുന്നത് പതിവായിട്ടുണ്ട്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്ന തരത്തില്‍ തെരുവുനായ ശല്യം വര്‍ധിച്ചിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Tags : Nattuvishesham DistrictNews DeepikaNews auto-rickshaw