കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ വൈദ്യുതി തൂണില്‍നിന്ന് ഷോക്കേറ്റ് മരിച്ച മുഹമ്മദ് റിജാസിന്റെ കുടുംബത്തിന് മുഴുവന്‍ നഷ്ടപരിഹാരത്തുകയും ലഭ്യമാക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന് അംഗം പി.റോസ. നിലവില്‍ അഞ്ച് ലക്ഷം രൂപയാണ് കുടുംബത്തിന് ലഭിച്ചത്. ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി അഞ്ചുലക്ഷം കൂടി നല്കാന് കമ്മീഷന് നിര്‍ദേശം നല്കി.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര മുഹമ്മദ് റിജാസ് (18) ഷോക്കേറ്റ് മരിച്ചത്. കാറ്റില്‍ മരക്കൊമ്പ് ഒടിഞ്ഞുതൂങ്ങിയിെനത്തുടര്ന്ന് വൈദ്യുതിലൈനില്‍ തട്ടിയ മേല്‍ക്കൂരയുടെ തൂണില്‍ നിന്ന് ഷോക്കേറ്റാണ് റിജാസ് മരിച്ചത്. കിണാശേരിയില്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കനത്ത മഴയത്ത് േറാഡരികിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ വരാന്തയില്‍ കയറി നിന്നപ്പോഴായിരുന്നു അപകടം. കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
മുഖദാറിലെ മതപഠന കേന്ദ്രത്തിന്റെ പേരില്‍ ബിനേഷ് എന്നയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന പരാതിയില്‍ നടപടി സ്വീകരിച്ചതായും കമ്മീഷന് അറിയിച്ചു. പോലീസ് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്തുകയും പരാതി സത്യമാണെന്ന് തെളിയുകയും ചെയ്തു. എന്നാല്‍, വ്യാജമായി നിര്‍മിച്ച സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞതിനാല്‍ കേസ് അവസാനിപ്പിച്ചു. ഈ കേസില്‍ പോലീസ് അന്വേഷണം തുടരുമെന്നും കമ്മീഷന് പറഞ്ഞു.
വീട് വയ്ക്കാന്‍ പെര്‍മിറ്റ് നല്‍കാതിരുന്നതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ക്കര നിസാര്‍ ഹംസ നല്കിയ പരാതിയില്‍ കമ്മീഷന് നടപടി ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനകം പെര്‍മിറ്റ് നല്‍കാതിരുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസിനോട് ആവശ്യപ്പെട്ടു. സിറ്റിംഗില്‍ പരിഗണിച്ച ആറ് പരാതികളില്‍ നാലെണ്ണം തീര്‍പ്പാക്കി. ബാക്കി പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, പാഴ്സി, ജൈന, ബുദ്ധ സമുദായംഗങ്ങള്‍ക്ക് 9746515133 എന്ന വാട്സ്ആപ്പ് നമ്പറിലോ നേരിട്ടോ കമ്മീഷന് പരാതികള്‍ നല്‍കാം.