പിറവം: രാമമംഗലത്ത് കൊക്കുകൾ ചത്തുവീണത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ഒന്നരയാഴ്ച മുമ്പുണ്ടായ സംഭവത്തിൽ ഇനി മനുഷ്യരിലേക്കും മറ്റു പക്ഷികളിലേക്കും പകരാൻ സാധ്യയില്ലെന്നുള്ള കണ്ടെത്തലിൽ ജാഗ്രത പുലർത്തിയാൽ മതിയെന്ന് അവലോകന യോഗത്തിൽ തീരുമാനമായി. പഞ്ചായത്തിലെ 12-ാം വാർഡ് പ്രദേശമുൾപ്പെട്ട പാമ്പൂരിപ്പാടത്താണ് കുളക്കൊക്കുകൾ ചത്തുവീണത്. പക്ഷിപ്പനി മൂലമാണെങ്കിലും ഇനി ഇതുപകരാൻ സാധ്യതയില്ലെന്നും, ഇതിനാൽ കടുത്ത പ്രതിരോധ നടപടികൾ ആവശ്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം വിലയിരുത്തി.
കുളക്കൊക്ക് ദേശാടന പക്ഷിയായതിനാൽ രോഗം മറ്റു പക്ഷികളിലേയ്ക്ക് പടർന്നിട്ടില്ലെന്നാണ് അനുമാനം. പാടത്ത് കുളപ്പുഞ്ച ഭാഗത്താണ് കുളക്കൊക്കിനെ ചത്തനിലയിൽ കണ്ടെത്തിയത്. പാടശേഖരത്തിന്റെ മറ്റു ചില ഭാഗങ്ങളിലും പക്ഷികൾ ചത്തുകിടന്നെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ഇടപെട്ട് ആദ്യം തിരുവല്ലയിലും പിന്നീട് ഭോപ്പാലിലെ വൈറോളജി ലാബിലും പരിശോധനയ്ക്ക് അയച്ചത്.
തിരുവല്ല ലാബിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും ഭോപ്പാലിലെ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പക്ഷി ചത്തിട്ട് ഒന്നരയാഴ്ച കഴിഞ്ഞിട്ടും രോഗം പടർന്നുപിടിച്ചതായി വിവരം ലഭിച്ചിട്ടില്ല. ഇതുകൊണ്ട് പ്രത്യേക നടപടികൾ ആവശ്യമില്ലെന്ന് യോഗം വിലയിരുത്തി.
സംഭവ സ്ഥലം പരിശോധിക്കാനും അസാധാരണ നിലയിൽ എന്തെങ്കിലും കണ്ടെത്തിയാൽ ഉടൻ റിപ്പോർട്ട് ചെയ്യാനും ആശ വർക്കർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. അനിതാ ഷേണായി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജു ശ്രീധർ, വെറ്റിനറി സർജൻ ഡോ.ഷിഹാബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ. ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യസ സമിതി അധ്യക്ഷൻ ജേക്കബ് ഫിലിപ്പ്, പഞ്ചായത്ത് സെക്രട്ടറി വി. ജോർജ് എന്നിവരും പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
Tags : Local News Nattuvishesham Ernakulam Bird Flu