കളക്ടറേറ്റിൽ നടന്ന മോക്ഡ്രില്ലിൽ നിന്ന്.
കൊല്ലം: യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കം ഉറപ്പുവരുത്തുന്നതിന് അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തിൽ കളക്ടറേറ്റിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. രാജ്യത്തുടനീളം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന സിവിൽ ഡിഫൻസ് മോക് ഡ്രില്ലിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറേറ്റിലെ മോക്ഡ്രിൽ. വ്യോമാക്രമണവും അത് മൂലം സംഭവിക്കുന്ന അഗ്നിബാധയും കെട്ടിടങ്ങളുടെ തകർച്ചയും എന്ന സാങ്കല്പിക സാഹചര്യം മുൻനിർത്തിയായിരുന്നു മോക് ഡ്രിൽ.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വ്യോമാക്രമണം നടന്നതായി സൂചിപ്പിക്കുന്ന ആദ്യ സൈറൺ മുഴങ്ങിയതോടെയാണ് മോക് ഡ്രില്ലിന് തുടക്കമായത്. തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിന്റെ പുറത്തും വരാന്തയിലുംനിന്ന എല്ലാവരും കെട്ടിടത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടി മാറി.
ആക്രമണം അവസാനിച്ചതായി രണ്ടാം സൈറൺ മുഴങ്ങിയതോടെ കെട്ടിടത്തിനുള്ളിൽനിന്നു ആളുകളെല്ലാം ലിഫ്റ്റ് ഉപയോഗിക്കാതെ കോണിപ്പടികൾ വഴി കളക്ടറേറ്റ് വളപ്പിലെ അസംബ്ലി പോയിന്റിൽ എത്തി. കളക്ടറേറ്റ് കൺട്രോൾ റൂമിൽനിന്ന് പൊലിസ് കൺട്രോൾ റൂമിലേക്കും ചാമക്കട ഫയർ സ്റ്റേഷനിലേക്കും അറിയിപ്പ് നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഡിഎംഒയ്ക്ക് അറിയിപ്പ് നൽകിയതിനെ തുടർന്ന് ആംബുലൻസടക്കം സജ്ജീകരണങ്ങളുമായി മെഡിക്കൽ സംഘവും സ്ഥലത്തെത്തി.
കെട്ടിടത്തിൽ പരിക്കേറ്റ് കുടുങ്ങിക്കിടന്ന അഞ്ച് പേരെ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും ചേർന്ന് കളക്ടറേറ്റ് വളപ്പിൽ സജ്ജമാക്കിയ മെഡിക്കൽ എയ്ഡ് പോസ്റ്റിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും വരെ തെരച്ചിൽ തുടർന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോക് ഡ്രില്ലിന്റെ ഭാഗമായി നടന്ന സാങ്കല്പിക ആക്രമണത്തിൽ ഒരാൾ മരിച്ചതായും പരിക്കേറ്റവരെയെല്ലാം ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥിതിഗതികൾ വിലയിരുത്തിയ കളക്ടർ പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന അവലോകനയോഗത്തിൽ വിവിധ വകുപ്പുകളിൽനിന്നുള്ള സംഘങ്ങളെ നയിച്ച ഉദ്യോഗസ്ഥർ ഓരോ വിഭാഗവും സ്വീകരിച്ച നടപടികൾ വിശദീകരിച്ചു. ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിക്കുന്നതിന് കളക്ടറേറ്റ് ജീവനക്കാർക്ക് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകി. ജില്ലാ കളക്ടർ ആനി ജൂല തോമസിന്റെ മേൽനോട്ടത്തിൽ ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്.